യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റിപ്പബ്ലിക് ഓഫ് കൊറിയയിലെത്തി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ഷെയ്ഖ് മുഹമ്മദ് കൊറിയയിലെത്തിയത്.
യുഎഇയും കൊറിയയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ പ്രസിഡന്റ് യൂൻ സുക് യോളുമായി ഷെയ്ഖ് മുഹമ്മദ് ചർച്ച ചെയ്യും. വ്യാപാരം, നിക്ഷേപം, ഊർജം, സാങ്കേതിക വിദ്യ തുടങ്ങി വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഇരുരാജ്യങ്ങളിലെയും വികസനത്തിൻ്റെ ഭാവിയെയും സുസ്ഥിരതയെയും കുറിച്ചുള്ള കാഴ്ചപ്പാടുകൾക്ക് അനുസരിച്ച് സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കാനാണ് തീരുമാനം.
കൊറിയൻ സന്ദർശനത്തിന് ശേഷം, ചൈനീസ് പ്രസിഡൻ്റ് ഷി ജിങ് പിങ്ങിൻ്റെ ക്ഷണപ്രകാരം ഷെയ്ഖ് മുഹമ്മദ് മെയ് 30-ന് ചൈനയിലേക്ക് പോകും. ചൈനയും യുഎഇയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 40-ാം വാർഷിക ആഘോഷ പരിപാടിയിലും ഷെയ്ഖ് മുഹമ്മദ് പങ്കെടുക്കും.