ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദിനെ യുഎഇ മന്ത്രിസഭയിലേക്ക് നിയമിച്ചതിന് പിന്നാലെ അഭിനന്ദനം അറിയിച്ച് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ്. ഇരുവരും വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി. ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നീ നിലകളിൽ രാഷ്ട്രത്തിൻ്റെ പുരോഗതിയെ പിന്തുണയ്ക്കാനുള്ള ശ്രമങ്ങളിൽ ഷെയ്ഖ് ഹംദാന് രാഷ്ട്രത്തലവൻ ആശംസകൾ നേർന്നു.
വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ഞായറാഴ്ച പ്രഖ്യാപിച്ച മന്ത്രിസഭാ പുനസംഘടനയെ തുടർന്നാണ് ഷെയ്ഖ് ഹംദാൻ ചുമതലയേറ്റത്.അബുദാബിയിലെ ഖസർ അൽ ഷാതിയിൽ നടന്ന കൂടിക്കാഴ്ചയിൽ ദേശീയ കാര്യങ്ങളും യുഎഇ പൗരന്മാരുടെ ക്ഷേമവും സംബന്ധിച്ച നിരവധി വിഷയങ്ങൾ ഷെയ്ഖ് മുഹമ്മദും ഷെയ്ഖ് ഹംദാനും അവലോകനം ചെയ്തു.
വൈസ് പ്രസിഡൻ്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ്, അബുദാബി ഡെപ്യൂട്ടി ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഷെയ്ഖ് തഹ്നൂൻ ബിൻ സായിദ് എന്നിവരും പങ്കെടുത്തു. ഷെയ്ഖ് മുഹമ്മദും ദുബായ് ഭരണാധികാരിയും തന്നിൽ അർപ്പിക്കുന്ന വിശ്വാസത്തിൽ ശൈഖ് ഹംദാൻ നന്ദിയും രേഖപ്പെടുത്തി.