യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും തമ്മിൽ കൂടിക്കാഴ്ച നടത്തി. രാജ്യത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇരുവരും ചർച്ച ചെയ്തത്.
രാജ്യത്തിൻ്റെയും ജനങ്ങളുടെയും വളർച്ചയ്ക്കും സമൃദ്ധിക്കും വേണ്ടി വരും വർഷങ്ങളിലേയ്ക്ക് എന്തൊക്കെ പുതിയ പദ്ധതികൾ നടപ്പിലാക്കാമെന്ന് ഇരുവരും ചർച്ച ചെയ്തു. ജനങ്ങളുടെ ക്ഷേമത്തെ പിന്തുണയ്ക്കുന്നതിനും സമൂഹത്തിൻ്റെ ക്ഷേമത്തിന് സംഭാവന നൽകുന്ന മേഖലകളിലെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധത ഇരുനേതാക്കളും എടുത്തുപറഞ്ഞു.
യുഎഇ വൈസ് പ്രസിഡൻ്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും ദുബായിലെ രണ്ടാമത്തെ ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.