ഡ്രൈവർമാരെ അമ്പരിപ്പിച്ച് ഉമ്മുൽ ഖുവൈൻ പോലീസ്. ഉമ്മുൽ ഖുവൈൻ എമിറേറ്റിലെ വാഹനയാത്രികർക്ക് ഒരുപോലെ അമ്പരപ്പും സന്തോഷവും നൽകുന്നതായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ നടപടി. ട്രാഫിക് നിയമങ്ങൾ പാലിച്ചതിന് സർട്ടിഫിക്കറ്റ് നൽകി ഉമ്മുൽ ഖുവൈൻ പോലീസിന്റെ ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്‌മെന്റ് ഡ്രൈവർമാരെ അമ്പരപ്പിച്ചു. നിയമം അനുസരിച്ച് വാഹനമോടിക്കുന്നവരെ അഭിനന്ദിച്ച് ‘സ്റ്റാർ ഓഫ് റോഡ്’ ബഹുമതിയും സമ്മാനങ്ങളും നൽകി.
ഇതാദ്യമായല്ല ട്രാഫിക് അധികൃതർ ഇത്തരമൊരു സംരംഭം നടത്തുന്നത്. യുഎഇയിലുടനീളമുള്ള പോലീസ് സേനയും സമാനമായ പ്രചാരണങ്ങൾ നടത്തിയിട്ടുണ്ട്. നല്ല ഡ്രൈവർമാർക്ക് പാരിതോഷികം നൽകുന്നതിലൂടെ, സഹയാത്രികർ മാതൃകയാക്കും എന്നപ്രതീക്ഷയിലാണ് പൊലീസ്.
2023 മാർച്ചിൽ അബുദാബി പോലീസ് ‘നിങ്ങളുടെ ജീവിതം സുരക്ഷിതമാണ്’ എന്ന പേരിൽ സമാനമായ പ്രചാരണം നടത്തിയിരുന്നു. നിയന്ത്രണങ്ങൾ കർശനമായി പാലിക്കുകയും ഗതാഗത ലംഘനം നടത്താതിരിക്കുകയും ചെയ്യുന്ന ഡ്രൈവർമാരെ ഹാപ്പിനസ് പട്രോൾ ആദരിച്ചിരുന്നു. ദുബായ് പോലീസും മുൻ വർഷങ്ങളിൽ സമാനമായ പ്രചാരണങ്ങൾ നടത്തിയിട്ടുണ്ട്.
2022-ൽ യുഎഇ ദേശീയ ദിനാഘോഷത്തിൽ ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ പ്രതിജ്ഞാബദ്ധരായ 51 വാഹനമോടിക്കുന്നവർക്ക് അബുദാബി പോലീസ് സമ്മാനങ്ങൾ നൽകിയിരുന്നു. ദുബായ് പോലീസിന്റെ വൈറ്റ് പോയിന്റ് സിസ്റ്റത്തിന്റെ ഭാഗമായി 2015-ൽ രണ്ട് ഭാഗ്യശാലികളായ ‘സേഫ് ഡ്രൈവർമാർക്ക്’ കാറുകൾ സമ്മാനിച്ചു. കൂടാതെ ദുബായിൽ നടന്ന ചടങ്ങിൽ സുരക്ഷിതമായി വാഹനമോടിച്ചതിന് 1500 പേർ മറ്റ് സമ്മാനങ്ങളും നേടി.