ചന്ദ്രനിൽ ബഹിരാകാശ നിലയം നിർമ്മിക്കാനുള്ള പദ്ധതിയിൽ പങ്കാളിയാകാൻ യുഎഇ. ഇത് സംബന്ധിച്ച് മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രവും നാസയും തമ്മിൽ കരാറിൽ ഒപ്പുവെച്ചു. 10 ടൺ ഭാരമുള്ള ക്രൂ ആന്റ് സയൻസ് എയർ ലോക്ക് എന്ന പ്രവേശന കവാടമാണ് നിർമ്മിക്കുക. 2030-ഓടെ പ്രവേശന കവാടം വിക്ഷേപിക്കുമെന്നാണ് റിപ്പോർട്ട്.
രാജ്യാന്തര പദ്ധതിയിലെ പങ്കാളിത്തം രാജ്യത്തിന്റെ സമഗ്ര വികസനത്തിന് കാരണമാകുമെന്ന് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. അടുത്ത 10 വർഷത്തിനുള്ളിൽ ആദ്യ ഇമിറാത്തി സഞ്ചാരിയെ ചന്ദ്രനിലേക്ക് അയയ്ക്കാനുള്ള പദ്ധതിയും യുഎഇ പ്രഖ്യാപിച്ചു. എയർ ലോക്ക് (പ്രവേശന കവാടം) നിർമ്മാണത്തോടൊപ്പം ബഹിരാകാശ നിലയത്തിൽ ജീവൻ നിലനിർത്താൻ ആവശ്യമായ സാങ്കേതിക സഹായവും മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ നൽകും.
അമേരിക്ക, ജപ്പാൻ, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവർക്കൊപ്പമാണ് ചന്ദ്രനിൽ ബഹിരാകാശ നിലയം സ്ഥാപിക്കുന്ന പദ്ധതിയിൽ യുഎഇ പങ്കാളിയാകുന്നത്. ബഹിരാകാശ സഞ്ചാരികളെ പരിശീലിപ്പിക്കാനുള്ള പ്രത്യേക കേന്ദ്രവും ചന്ദ്ര ദൗത്യം നിയന്ത്രിക്കാനുള്ള ഗ്രൗണ്ട് സ്റ്റേഷനും യുഎഇയിൽ ഉടൻ സ്ഥാപിക്കും.