യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്നതിനായി ഗാസയിൽ ശുദ്ധജല വിതരണ പ്ലാന്റ് തുറന്ന് യുഎഇ. റഫയ്ക്ക് സമീപം യുഎഇ സ്ഥാപിച്ച ഡീസലൈനേഷൻ പ്ലാന്റ് യുഎഇ സ്ഥാനപതി ഡോ. ലാന നുസൈബ ഉദ്ഘാടനം ചെയ്തു. പ്ലാന്റിന്റെ പ്രതിദിന ഉല്പാദനശേഷി രണ്ട് ലക്ഷം ഗാലനാണ്.
യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം ആരംഭിച്ച ഗാലന്റ് നൈറ്റ് മൂന്ന് ദൗത്യത്തിൻ്റെ ഭാഗമായാണ് ജലശുദ്ധീകരണ പ്ലാൻ്റുകൾ സ്ഥാപിച്ചത്. മൂന്ന് ജലശുദ്ധീകരണ പ്ലാന്റുകളാണ് യുഎഇ റഫയിൽ നിർമ്മിക്കുന്നത്. അതിൽ ഒന്നാണ് നിർമ്മാണം പൂർത്തിയാക്കി ഇപ്പോൾ ജനങ്ങൾക്കായി തുറന്നുകൊടുത്തത്. പുതിയ ഒരോ പ്ലാൻ്റുകൾ വഴിയും ദിവസേന 3 ലക്ഷം പേർക്ക് ശുദ്ധജലം എത്തിക്കാൻ സാധിക്കും. ഈജിപ്ത് ഭാഗത്ത് മെഡിറ്ററേനിയൻ തീരത്തായാണ് മൂന്ന് പ്ലാന്റുകളും സ്ഥാപിക്കുന്നത്.
ഗാസയുടെ അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായാണ് യുഎഇയുടെ നേതൃത്വത്തിൽ ശുദ്ധജലവിതരണ പ്ലാന്റ് ഒരുക്കിയത്. നവംബർ 16ന് യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു പ്ലാൻ്റ് നിർമ്മാണം. 3 പ്ലാന്റുകളും പ്രവർത്തനസജ്ജമാകുന്നതോടെ കൂടുതൽ മേഖലകളിലേക്ക് വെള്ളം എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യുഎഇ.