ഇസ്രയേൽ-പാലസ്തീൻ യുദ്ധത്തിൽ പരിക്കേറ്റ പാലസ്തീനുകാർക്ക് കൃത്രിമ കൈകാലുകളും സ്ട്രെച്ചറുകളും വീൽ ചെയറുകളും മറ്റും നൽകുന്നതിന് വേണ്ടി ഗാസയിലെ ഫീൽഡ് ഹോസ്പിറ്റലിൽ യുഎഇ ഒരു കൃത്രിമ അവയവ കേന്ദ്രം ആരംഭിച്ചു. പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദേശിച്ച ഗാലന്റ് നൈറ്റ് 3 ഹ്യുമാനിറ്റേറിയൻ ഓപ്പറേഷന്റെ ഭാഗമായി ബുധനാഴ്ചയാണ് കൃത്രിമ അവയവ കേന്ദ്രം തുറന്നത്.
പ്രോസ്തെറ്റിക്സ് നിർമാണത്തിന് വേണ്ടി കേന്ദ്രം തുറക്കുന്ന ദിവസം തന്നെ 36 രോഗികളുടെ അളവെടുത്തിരുന്നു. എന്നാൽ പരിക്കേറ്റവരുടെയോ അംഗവൈകല്യമുണ്ടായ ആളുകളുടെയോ എണ്ണം ദിവസങ്ങൾക്കുള്ളിൽ 100 കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രത്തിലെ ജീവനക്കാർ കൃത്രിമ കൈകാലുകൾ സ്വീകരിക്കുന്നവർക്ക് ഫിസിക്കൽ തെറാപ്പിയും പുനരധിവാസവും നൽകി വരികയാണ്.