യുദ്ധവിരുദ്ധ നിലപാടുമായി യുഎഇ ഇരുപതാമത് അറബ് മീഡിയ ഫോറത്തില്‍. യുക്രൈന്‍ – റഷ്യ പോരാട്ടത്തിന്റെ ഭാഗമായാണ് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവും മുൻ വിദേശകാര്യ മന്ത്രിയുമായ ഡോ. അൻവർ ഗർഗാഷ് നിലപാട് വ്യക്തമാക്കിയത്.
പ്രാകൃത നിലപാടുകൾ ഒരു രാജ്യത്തിനും ഭൂഷണമല്ല. പതിറ്റാണ്ടുകളോളം യുദ്ധം തുടരുന്നതും നിര്‍ഭാഗ്യമാണ്. യുക്തിബോധമുളളവര്‍ യുദ്ധത്തിന് തുനിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്രൈന്‍ – റഷ്യ വിഷയത്തില്‍ നിഷ്പക്ഷ നിലപാടാണ് മിക്ക ലോക രാഷ്ട്രങ്ങളും സ്വീകരിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു. യുക്രൈന്‍ യുദ്ധത്തിന് രാഷ്ട്രീയ പരിഹാരം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളും രണ്ടു ദിവസം നീണ്ടുനിന്ന് മീഡിയ ഫോറത്തില്‍ ചര്‍ച്ചയായി. ഇറാനുമായുള്ള പ്രശ്ന പരിഹാരത്തിന് ഉഭയകക്ഷി ബന്ധവും ചര്‍ച്ചയും തുടരുകയാണെന്നും ഗര്‍ഗാഷ് വ്യക്തമാക്കി. യെമന്‍, തുര്‍ക്കി തുടങ്ങിയ പ്രദേശങ്ങളിലെ രാഷ്ട്രീയ അസ്ഥിരതയും സംഘര്‍ഷങ്ങളും യോഗം ചര്‍ച്ചചെയ്തു.
ദുബായിലെ മദീനത്ത് ജുമൈറയിലാണ് അറബ് മീഡിയ ഫോറം നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുളള പ്രമുഖ മാധ്യമ പ്രതിനിധികളും വ്യക്തിത്വങ്ങളും പങ്കെടുത്തു. ഫോറത്തില്‍ പങ്കെടുത്തവർക്കായി മ്യൂസിയം ഓഫ് ദി ഫ്യൂച്ചറില്‍ അത്താഴ വിരുന്നും സംഘടിപ്പിച്ചിരുന്നു. ദുബായ് പ്രസ് ക്ലബ് പ്രസിഡന്റും അറബ് മീഡിയ ഫോറം ഓർഗനൈസിംഗ് കമ്മിറ്റി ചെയർ പേഴ്‌സണുമായ മോന ഗാനേം അൽ മർറി പരിപാടികൾക്ക് നേതൃത്വം നല്‍കി.