ചരക്കുകളുടെ കയറ്റുമതി നിരോധനം ഇന്ത്യ നീക്കം ചെയ്തതോടെ ബസ്മതി ഇതര അരിയുടെ വില യുഎഇയിൽ 20 ശതമാനത്തോളം കുറയുമെന്ന് വിലയിരുത്തൽ. ഇന്നലെയാണ് ഇന്ത്യ ബസുമതി ഇതര വെള്ള അരി കയറ്റുമതിക്കുള്ള നിരോധനം നീക്കം ചെയ്തത്. ഇതോടെ ഒരു ടണ്ണിന് 490 ഡോളർ (ഏകദേശം 1,800 ദിർഹം) എന്ന നിലയിൽ വില നിശ്ചയിക്കുകയും ചെയ്തു.
ഈ മാറ്റം യുഎഇ വിപണിയിലെ അരിയുടെ വിലയിൽ ഏകദേശം 20 ശതമാനത്തിന്റെ കുറവ് വരുത്തുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രാലയം പുറപ്പെടുവിച്ച അറിയിപ്പിൽ ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് വ്യക്തമാക്കുന്നത്.
ഓരോ വർഷവും ദശലക്ഷക്കണക്കിന് ടൺ ബസുമതിയും ബസുമതി അല്ലാത്തതുമായ അരി ഇറക്കുമതി ചെയ്യുന്ന യുഎഇയുടെ ഏറ്റവും വലിയ അരി ഇറക്കുമതിയുടെ ഉറവിടം ഇന്ത്യയാണ്. ഇന്ത്യയെ കൂടാതെ, തായ്‌ലൻഡ്, പാക്കിസ്ഥാൻ എന്നിവയാണ് യുഎഇയിലേക്കുള്ള മറ്റ് പ്രധാന അരി കയറ്റുമതിക്കാർ.