യുഎഇയിൽ അവശ്യ വസ്തുക്കളുടെ വില വർധന സർക്കാർ തടഞ്ഞു. ധന മന്ത്രാലയം അനുമതി നൽകാതെ 9 അവശ്യ വസ്തുക്കളുടെ വിലവർധിപ്പിക്കാൻ പാടില്ല എന്നതുൾപ്പെടെ പുതിയ വില നിയന്ത്രണ നയങ്ങൾക്ക് മന്ത്രിസഭ രൂപം നൽകി.
അരി, ഗോതമ്പ്, പാചക എണ്ണ, പഞ്ചസാര, മുട്ട, പാൽ, പയർ, ഉൽപന്നങ്ങൾ, ബ്രഡ് എന്നിവയുടെ വില വർധനയാണ് തടഞ്ഞിരിക്കുന്നത്. ഇതു പ്രാഥമിക പട്ടികയാണെന്നും വൈകാതെ കൂടുതൽ ഉൽപന്നങ്ങൾ അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.
യുഎഇ വൈസ് പ്രസിഡൻ്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.
പ്രാദേശികമായി ലഭ്യമല്ലാത്ത ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് നികുതി ഈടാക്കില്ല എന്നതും പുതിയ തീരുമാനമാണ്. പ്രാദേശിക ഉൽപാദകരെ സഹായിക്കുന്നതിനും ഉൽപന്നങ്ങൾക്കു വിപണി കണ്ടെത്തുന്നതിനും ഇതു പ്രയോജനം ചെയ്യും.