രാജ്യത്തെ കടലുകളും തീരപ്രദേശങ്ങളും സംരക്ഷിക്കാനും പ്ലാസ്റ്റിക് മുക്തമാക്കാനും പദ്ധതി പ്രഖ്യാപിച്ച് യുഎഇ. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നത്. മാലിന്യത്തെ തരംതിരിക്കുമെന്നും വെള്ളത്തിലും ബീച്ചിലുമുള്ള മലിനീകരണത്തിൻ്റെ അളവ് കണക്കാക്കി പരിമിതപ്പെടുത്താൻ ശ്രമിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് പ്ലാസ്റ്റിക് ബാഗുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.ജനുവരി മുതർ പൂർണ നിരോധനത്തിലേക്കും കടക്കും. സമാന നിയന്ത്രണങ്ങൾക്ക് പിന്തുണ നൽകുന്ന നീക്കമാണ് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിൻ്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ജൈവവൈവിധ്യ, സമുദ്ര ജീവികളുടെ അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ ഹമ്മദി പറഞ്ഞു.
ആഗോളതലത്തിൽ നദികളിലെയും സമുദ്രങ്ങളിലെയും മലിനീകരണത്തിൻ്റെ ഏറ്റവും വലിയ ഉറവിടങ്ങളിലൊന്നാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ. നശിപ്പിക്കപ്പെടാൻ പതിറ്റാണ്ടുകൾ എടുത്തേക്കാവുന്ന പ്ലാസ്റ്റിക് പരിസ്ഥിതിക്കും മൃഗങ്ങൾക്കും മാരകമായ ക്ഷതമാണ് ഏൽപ്പിക്കുന്നത്. ലോകത്ത് പ്രതിദിനം അഞ്ച് ട്രില്യൺ പ്ലാസ്റ്റിക് ബാഗുകളും 500 ബില്യൺ പ്ലാസ്റ്റിക് കപ്പുകളും ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് എർത്ത് ഡേ ചാരിറ്റി പ്രസിദ്ധീകരിച്ച കണക്കുകൾ സൂചിപ്പിക്കുന്നത്. ആളുകൾ മിനിറ്റിൽ 1.2 ദശലക്ഷം പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിക്കുന്നെന്നും ചൂണ്ടിക്കാണിക്കുന്നു.
പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപഭോഗവും സുരക്ഷിതമായ നിർമാർജനവും സംബന്ധിച്ചും പരിസ്ഥിതിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ചെലുത്തുന്ന ആഘാതത്തെക്കുറിച്ചും സമൂഹത്തിൽ അവബോധം വളർത്താനുളള ശ്രമമാണ് മന്ത്രാലയത്തിൻ്റേത്. സമുദ്രങ്ങൾ, സമുദ്ര വിഭവങ്ങൾ എന്നിവ സംരക്ഷിക്കാനും അവ സുസ്ഥിരമായി ഉപയോഗിക്കാനും ലക്ഷ്യമിടുന്ന യു.എ.ഇയുടെ 14-ാമത് സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുളള പിന്തുണ കൂടിയാണ് പദ്ധതിയെന്ന് മന്ത്രാലയം വ്യക്തമാക്കി.