അബുദാബിയിലെ അൽ ദഫ്ര മേഖലയിൽ സ്ഥിതി ചെയ്യുന്ന ബറാക്ക ആണവോര്‍ജ പ്ലാന്റിന്റെ നാലാമത്തെയും അവസാനത്തെയും റിയാക്ടറിന് പ്രവർത്തന ലൈസൻസ് അനുവദിച്ചു. യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ (FANR) ആണ് പ്രവർത്തന ലൈസൻസ് നൽകിയത്. 60 വർഷത്തെ പ്രവര്‍ത്തനത്തിനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. നിലവില്‍ ആണവോര്‍ജ പ്ലാന്റിലെ മൂന്ന് യൂണിറ്റുകളാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
2020 ഫെബ്രുവരി, 2021 മാർച്ച്, 2022 ജൂൺ മാസങ്ങളിൽ FANR യഥാക്രമം യൂണിറ്റ് 1, യൂണിറ്റ് 2, യൂണിറ്റ് 3 എന്നിവയ്ക്കായി ഓപ്പറേറ്റിംഗ് ലൈസൻസുകൾ നൽകി. അറബ് ലോകത്തെ ആദ്യത്തെ മൾട്ടി-യൂണിറ്റ് ഓപ്പറേറ്റിംഗ് ന്യൂക്ലിയർ എനർജി പ്ലാന്റാണ് ബറാക്ക ആണവ നിലയം.
യുഎഇക്ക് ഇത് മറ്റൊരു ചരിത്ര നിമിഷമാണെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ യുഎഇയില്‍ നിന്നുള്ള സ്ഥിരം പ്രതിനിധിയും ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ ബോർഡ് ഓഫ് മാനേജ്മെന്റ് ഡെപ്യൂട്ടി ചെയർമാനുമായ അംബാസഡർ ഹമദ് അല്‍ കാബി പറഞ്ഞു. 15 വർഷത്തെ പരിശ്രമമാണ് വിജയം കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശുദ്ധമായ ഊർജത്തിന്റെ 25 ശതമാനം നൽകുന്നതിൽ യു.എ.ഇ ആണവ പദ്ധതി ഒരു പ്രധാന പങ്ക് വഹിക്കും. അതിനാൽ, 2050 നെറ്റ് സീറോ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള യുഎഇ ഗവൺമെന്റിന്റെ ശ്രമങ്ങളെ പദ്ധതി പിന്തുണയ്ക്കുന്നുവെന്ന്, ”അൽ കാബി ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.