40 വർഷങ്ങൾക്ക് മുമ്പ് ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ രൂപീകരിച്ചതിന്റെ സ്മരണാർത്ഥം സ്മരണിക സ്റ്റാമ്പ് പുറത്തിറക്കി യുഎഇ. ദീർഘകാല നയതന്ത്ര കൂട്ടായ്മയുടെ സ്ഥാപകരെ ആദരിച്ചുകൊണ്ടാണ് സ്മരണിക പുറത്തിറക്കിയത്. ജിസിസി രൂപീകരണത്തിന്‍റെ 40-ാം വാർഷികം പ്രമാണിച്ചാണ് നീക്കം.
എമിറേറ്റ്സ് പോസ്റ്റും ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലിലെ തപാൽ അഡ്മിനിസ്ട്രേഷനും ചേര്‍ന്നാണ് സ്മരണിക തയ്യാറാക്കിയത്. ഗൾഫ് രാജ്യങ്ങളിലെ ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ദീർഘകാല സഖ്യങ്ങളെയും സാഹോദര്യത്തെയും സ്റ്റാമ്പ് എടുത്തുകാണിക്കുന്നെന്ന് എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പിന്റെ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അബ്ദുല്ല അലാശ്രമം പറഞ്ഞു.
1981 മെയ് 25 ന് അബുദാബിയിലെ ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ ചരിത്രപരമായ ആദ്യ ഉച്ചകോടി നടത്തിയ എമിറേറ്റ്‌സ്, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, ഒമാൻ എന്നീ ആറ് സ്ഥാപക അംഗങ്ങളുടെ ഭരണാധികാരികൾ സ്മരണിക സ്റ്റാമ്പില്‍ ഉൾപ്പെടുന്നു. രാജ്യങ്ങളുടെ പതാകകളും ജിസിസി ലോഗോയും പ്രദർശിപ്പിച്ചിട്ടുണ്ട്.
41 വർഷം മുമ്പ് നടന്ന ഉദ്ഘാടന ജിസിസി മീറ്റിംഗ് ഖുറാൻ പാരായണത്തോടെയാണ് ആരംഭിച്ചത്. യുഎഇ സ്ഥാപക പിതാവ് പരേതനായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ഉദ്ഘാടന പ്രസംഗം നടത്തി. തുടർന്ന് ജിസിസി സ്ഥാപിക്കുന്ന രേഖയിൽ ആറ് ഭരണാധികാരികളും ഒപ്പുവച്ചതോടെ ചരിത്രപരമായ സഹകരണ യുഗത്തിന് തുടക്കമാവുകയായിരുന്നു. ഗൾഫ് മേഖലയിലെ വികസനത്തിന് ചാമ്പ്യൻമാരായി പ്രവർത്തിക്കാനും മേഖലയിലെ പ്രധാന പ്രശ്‌നങ്ങൾ പരിഹരിക്കാനും ജിസിസി നിര്‍ണായക പങ്കാണ് വഹിക്കുന്നത്.