യുഎഇ എല്ലാവരുടെയും സ്വപ്ന രാജ്യമാണ്. രാജ്യത്ത് ജനങ്ങൾക്ക് ലഭിക്കുന്ന ജീവിത നിലവാരവും സൗകര്യങ്ങളും തന്നെയാണ് അതിനുള്ള പ്രധാന കാരണം. അത് മാത്രമല്ല, ലോകത്ത് ഏറ്റവും സുരക്ഷിതമായ രാജ്യമാണ് യുഎഇ എന്നതാണ് മറ്റൊരു വാസ്തവം. നുംബിയോയുടെ സേഫ്റ്റി സൂചികയിലാണ് ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷിത രാജ്യമായി യുഎഇ മാറിയത്.
84.4 പോയിന്റോടെയാണ് യുഎഇ പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കുറ്റകൃത്യങ്ങളുടെ നിരക്ക്, സ്ത്രീകൾക്ക് ഉൾപ്പെടെ ഒറ്റയ്ക്ക് നടക്കുമ്പോഴുള്ള സുരക്ഷിതത്വം, വാഹന മോഷണങ്ങൾ, സ്വത്ത് സംബന്ധമായ കുറ്റകൃത്യങ്ങളുടെ കണക്കുകൾ, ജനങ്ങളുടെ ജീവിത ഗുണനിലവാരം ശക്‌തിപ്പെടുത്താനായി ബിസിനസ്, ടൂറിസം മേഖലകൾ വിപുലീകരിക്കാനുള്ള പദ്ധതികൾ തുടങ്ങി നിരവധി ഘടകങ്ങൾ വിലയിരുത്തിയാണ് സുരക്ഷിത രാജ്യങ്ങളെ കണക്കാക്കുന്നത്.
ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള നിരവധി പദ്ധതികളാണ് യുഎഇയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഏത് പാതിരായ്ക്കും സ്ത്രീകൾക്കുൾപ്പെടെ രാജ്യത്ത് സുരക്ഷിതമായി സഞ്ചരിക്കാം എന്നതാണ് പ്രധാനപ്പെട്ട വസ്തുത. സ്വദേശികൾക്ക് പുറമെ പ്രവാസികളുടെ ജീവനും ഇവിടെ വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. നുംബിയോ സേഫ്റ്റി സൂചികയിൽ രണ്ടാം സ്ഥാനത്ത് ഖത്തറാണ്. സുരക്ഷയുടെ കാര്യത്തിൽ 84 പോയിന്റാണ് ഖത്തറിന് ലഭിച്ചത്.