കെട്ടിടനിർമ്മാണ വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാൻ എ.ഐ റോബോട്ടുകളെ അവതരിപ്പിച്ച് ദുബായ് മുനിസിപ്പാലിറ്റി. എക്സ്റേ രശ്മികളും ആർട്ടിഫിഷൽ ഇന്റലിജന്റ്സും ഉപയോഗിച്ച് നടത്തുന്ന രാസപരിശോധനയിലൂടെയാണ് ഗുണനിലവാരം അളക്കുന്നത്. മുനിസിപ്പാലിറ്റിയുടെ ദുബായ് സെൻട്രൽ ലബോറട്ടറിയിലാണ് റോബോട്ടുകളെ ഉപയോഗിച്ച് നിർമ്മാണ വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുക.
പുതിയ സാങ്കേതികവിദ്യ നിലവിൽ വരുന്നതോടെ നാല് ദിവസംകൊണ്ട് പൂർത്തീകരിച്ചിരുന്ന പരിശോധന എട്ട് മിനിറ്റിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും. ഉപഭോക്താക്കൾക്ക് സ്മാർട്ട്ഫോൺ, ടാബ്ലറ്റ്, മൊബൈൽ ആപ്പുകൾ എന്നിവയിലൂടെ പരിശോധനഫലം നിമിഷനേരത്തിനുള്ളിൽ ലഭ്യമാക്കുകയും ചെയ്യും. സിമന്റ് പരിശോധന സേവനങ്ങൾ മുനിസിപ്പാലിറ്റിയുടെ ലബോറട്ടറി പരിശോധനകൾക്കായുള്ള സ്മാർട്ട് പ്ലാറ്റ്ഫോമുമായി ബന്ധിപ്പിച്ചാണ് പ്രവർത്തിക്കുന്നത്.
മുമ്പുള്ളതിനേക്കാൾ സാമ്പിൾ പരിശോധനയുടെ അനുപാതം പ്രതിദിനം 650 ശതമാനം ഉയർത്താൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും. മുനിസിപ്പാലിറ്റിയുടെ നിർമ്മാണവസ്തു പരിശോധന സേവനങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തുകയും നിർമ്മാണപ്രവൃത്തികൾ അതിവേഗം പൂർത്തിയാക്കുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് ദുബായ് സെൻട്രൽ ലബോറട്ടറി ഡിപ്പാർട്മെന്റ് ആക്ടിങ് ഡയറക്ടർ ഹിന്ദ് മഹമൂദ് അഹമ്മദ് പറഞ്ഞു.