കഴിഞ്ഞ ഏപ്രിൽ 16 ന് യുഎഇയിൽ രേഖപ്പെടുത്തിയ അഭൂതപൂർവമായ മഴ രാജ്യത്തെ ഇൻഷുറൻസ് കമ്പനികളുടെ ലാഭത്തെ ബാധിക്കുമെന്ന് റിപ്പോർട്ട്. 25 ശതമാനം വരെ ലാഭം കുറയുമെന്നാണ് നിഗമനം. വാഹനങ്ങൾ, വില്ലകൾ, വാണിജ്യ വസ്‌തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട ക്ലെയിമുകളിൽ കമ്പനികൾ വൻ വർധനവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് വിലയിരുത്തൽ.
ഇൻഷുറൻസ് എക്‌സ്‌പോഷർ, റീഇൻഷുറൻസ് ക്രമീകരണങ്ങൾ എന്നിവയെ ആശ്രയിച്ച് മുൻ പാദത്തെ അപേക്ഷിച്ച് ലാഭത്തിൽ 15-25 ശതമാനം വരെ കുറവുണ്ടാകുമെന്ന് ലക്‌സ് ആക്ച്വറീസ് ആൻഡ് കൺസൾട്ടൻ്റുകളിലെ സീനിയർ കൺസൾട്ടിംഗ് ആക്ച്വറി സൽമാൻ ഷാ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം 24 ശതമാനം വരെ ലാഭനഷ്ടമാണ് ബദ്‌രി മാനേജ്‌മെൻ്റ് കൺസൾട്ടൻസി കണക്കുകൂട്ടുന്നത്.
വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോകളും ഗണ്യമായ മൂലധന കരുതൽ ശേഖരവുമുള്ള വലിയ ഇൻഷുറർമാർ തകർച്ചയിൽ നിന്ന് കരയമെങ്കിലും ചെറുകിട കമ്പനികളുടെ ലാഭത്തെ സാരമായി ബാധിക്കും. എന്നാൽ ശക്തമായ റീഇൻഷുറൻസ് കവറേജിലൂടെയും നിക്ഷേപ വരുമാനത്തിലൂടെയും സാമ്പത്തിക ആഘാതം മറികടക്കാനാകുമെന്ന വിലയിരുത്തലിലാണ് ഇൻഷുറൻസ് കമ്പനികൾ.