യുഎഇയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും യാത്രയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെ വർധിച്ചതായി റിപ്പോർട്ട്. ഏപ്രിലിൽ നിരക്ക് വീണ്ടും ഉയരുമെന്നാണ് സൂചന. വാർഷിക പരീക്ഷയ്ക്ക് ശേഷം ഇടവേളകളിൽ നാട്ടിലേക്കു പോകുന്നവരുടെ എണ്ണം വർധിച്ചതും റമദാൻ, ഈദ് ആഘോഷങ്ങൾ അടുത്തു വരുന്നതും നിരക്ക് കൂടാൻ കാരണമായി. ഇനി മധ്യവേനൽ കഴിയുന്നതുവരെ വിമാന ടിക്കറ്റ് നിരക്ക് ഗ്രാഫ് ഉയർന്നു നിൽക്കുമെന്നാണ് കരുതപ്പെടുന്നത്.
സീസൺ സമയത്ത് യാത്രക്കാരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും വിമാന സർവീസുകൾ കൂടാത്തത് നിരക്ക് ഉയരാൻ കാരണമായി. യുഎഇയിൽ നിന്ന് എയർ ഇന്ത്യ വിമാനങ്ങൾ പിൻവലിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ആക്കി മാറ്റുന്നതോടെ സീറ്റുകളിൽ ഉണ്ടാകുന്ന കുറവും വിലവർധനയ്ക്ക് കാരണമായതായി ട്രാവൽ ഏജൻസി വൃത്തങ്ങൾ വ്യക്തമാക്കി.
കഴിഞ്ഞ മാസം യുഎഇയിൽ നിന്ന് കൊച്ചിയിലേക്ക് ശരാശരി 310 ദിർഹത്തിന് (6900 രൂപ) ടിക്കറ്റ് ലഭിച്ചത് ഇപ്പോൾ 650 ദിർഹത്തിനു (14621 രൂപ) മുകളിലായിട്ടുണ്ട്. കണ്ണൂരിലേക്ക് 750 ദിർഹമാണ് നിരക്ക് (16871 രൂപ). നാലംഗ കുടുംബത്തിന് കേരളത്തിലേക്കു പോകാൻ മാത്രം ശരാശരി 2600 ദിർഹം (58486 രൂപ) ചിലവ് വരും. തിരികെവരാൻ രണ്ടിരട്ടിയെങ്കിലും ചിലവാകും.
കൊച്ചിയിൽ നിന്ന് ദുബായിലേക്കു വൺവേയ്ക്ക് ശരാശരി 30,000 രൂപയാണ് നിരക്ക്. കഴിഞ്ഞ മാസം ശരാശരി 10,000 രൂപയ്ക്ക് ടിക്കറ്റ് ലഭിച്ചിരുന്നെങ്കിലും ഉയർന്ന നിരക്കിൽ നാലംഗ കുടുംബത്തിന് ദുബായിലേക്കു പോകാൻ മാത്രം 1.2 ലക്ഷം രൂപ വരും. തിരിച്ചു നാട്ടിലേക്കു പോകാൻ 1.5 ലക്ഷം രൂപയും ചിലവ് വരും. യാത്ര അബുദാബി വഴിയാണെങ്കിൽ നിരക്ക് കൂടുകയും ഷാർജ വഴിയാണെങ്കിൽ ലേശം കുറയുകയും ചെയ്യും.
അതേസമയം ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിലുള്ള വിമാന സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ റോയിട്ടേഴ്സിനോട് പ്രതികരിച്ചു. വിമാന സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഎഇയില്‍ നിന്ന് വിമാന കമ്പനികള്‍ ഇന്ത്യന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു.
നിലവില്‍ ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയില്‍ അനുവദിച്ചിരിക്കുന്ന പരമാവധി സീറ്റുകൾ ആഴ്ചയില്‍ 65,000 ആണ്. ഇതില്‍ 50,000 സീറ്റുകൾ കൂടി വര്‍ദ്ധിപ്പിക്കാനാണ് യുഎഇ ആവശ്യപ്പെട്ടത്. എന്നാല്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്ന് ജ്യോതിരാദിത്യ സിന്ധ്യ അഭിമുഖത്തില്‍ വ്യക്തമാക്കി. വ്യോമയാന രംഗത്ത് അതിവേഗം വളരുന്ന വിപണിയാണ് ഇന്ത്യ. ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്‍ട്ര വിമാന സര്‍വീസുകളില്‍ നല്ലൊരു ഭാഗവും എമിറേറ്റ്സ്, ഖത്തര്‍ എയര്‍വേയ്സ് തുടങ്ങിയ ഗള്‍ഫ് വിമാനക്കമ്പനികള്‍ വഴി ദുബായ്, ദോഹ പോലുള്ള ഹബ്ബുകള്‍ വഴിയാണ്. വിദേശ വിമാന കമ്പനികളിലേക്ക് നഷ്ടമാവുന്ന ഈ വ്യോമ ഗതാഗതം തിരിച്ചുപിടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.