യുഎഇയും ഇന്ത്യയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാകുന്നു. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് 10,000 കോടി ഡോളർ നിക്ഷേപം ആകർഷിക്കും. വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മുംബൈയിൽ നടന്ന ഇന്ത്യ-യുഎഇ ഉന്നതതല കർമസമിതി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയുടെ ഏഴാമത്തെ വലിയ നിക്ഷേപക രാജ്യമായ യുഎഇയിൽ നിന്നുള്ള വാർഷിക നിക്ഷേപം 5 വർഷത്തിനിടെ മൂന്നിരട്ടിയായി ഉയർന്നിട്ടുണ്ട്. നിലവിൽ യുഎഇയിൽ നിന്നുള്ള നേരിട്ടുള്ള ഇക്വിറ്റി നിക്ഷേപം 2,000 കോടി ഡോളറിൽ താഴെയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം ഏകദേശം 300 കോടി ഡോളർ നിക്ഷേപിച്ചു. വരും വർഷങ്ങളിൽ ഇത് 10,000 കോടി ഡോളറാക്കി ഉയർത്തുകയാണ് ലക്ഷ്യം.
ഡേറ്റ സെൻ്ററുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പുനരുപയോഗ ഊർജം, ട്രാൻസ്‌മിഷൻ ഇൻഫ്രാസ്ട്രക്‌ചർ തുടങ്ങിയ മേഖലകളിലേക്ക് മധ്യപൂർവദേശത്തുനിന്ന് കാര്യമായ നിക്ഷേപം ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.