സിറിയയിലെയും തുർക്കിയിലെയും ഭൂകമ്പ ദുരിതബാധിതരെ സഹായിക്കുന്നതിൽ പ്രധാനപങ്ക് വഹിച്ച് യുഎഇ. ഫെബ്രുവരിയിൽ ഉണ്ടായ ഭൂകമ്പത്തിലെ ദുരിതബാധിതർക്കായി 15,164 ടൺ സഹായമാണ് യുഎഇ എത്തിച്ചുനൽകിയത്. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 50,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 1,00,000ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദുരന്ത ബാധിതർക്ക് സഹായം വാഗ്ദാനം ചെയ്ത് ആദ്യമെത്തിയ രാജ്യമായിരുന്നു യുഎഇ.
ദുരന്തബാധിതരെ സഹായിക്കുന്നതിനായി ഫെബ്രുവരി 6-ന് ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 2 ആരംഭിക്കാൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് 260 ഫ്ലൈറ്റുകളിലൂടെ അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ, മെഡിക്കൽ സാധനങ്ങൾ, ഉപകരണങ്ങൾ എന്നിവ എത്തിക്കുന്നതിന് ഒരു എയർ ബ്രിഡ്ജും സ്ഥാപിച്ചു. ഗാലന്റ് നൈറ്റ് ഓപ്പറേഷനിൽ യുഎഇ സായുധ സേന, ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം, ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ, എമിറേറ്റ്സ് റെഡ് ക്രസന്റ് (ഇആർസി) എന്നിവ പങ്കാളിത്തം വഹിച്ചിരുന്നു.
തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ അതിജീവിച്ചവരെ തിരയാൻ യുഎഇയും രക്ഷാസംഘത്തെ അയച്ചിരുന്നു. 42 പേർ ഉൾപ്പെട്ട രക്ഷാപ്രവർത്തനത്തിൽ സംഘം 240 മണിക്കൂറോളം ചെലവഴിച്ചു. ആകെ 13,463 മെഡിക്കൽ കേസുകൾ യുഎഇയുടെ നേതൃത്വത്തിൽ ചികിത്സിച്ചു. സിറിയൻ അറബ് റെഡ് ക്രസന്റിന് യുഎഇ സെർച്ച് ആന്റ് റെസ്ക്യൂ ഉപകരണങ്ങൾ സംഭാവന ചെയ്യുകയും സിവിൽ ഡിഫൻസ് സ്റ്റാഫിന് പരിശീലനം നൽകുകയും ചെയ്തു. അപകടത്തിൽപ്പെട്ടവരിൽ ചിലരെ വിദഗ്ധ ചികിൽസയ്ക്കായി യുഎഇയിലേക്ക് തന്നെ കൊണ്ടുപോവുകയും ചെയ്തിരുന്നു.
ഭൂകമ്പം ഉണ്ടായി ആഴ്ചകൾക്ക് ശേഷം, സിറിയയിൽ പരിക്കേറ്റ കുട്ടികളുൾപ്പെടെയുള്ളവർക്ക് യുഎഇ ആശുപത്രികളിൽ ചികിത്സ ക്രമീകരിക്കാൻ ഷെയ്ഖ ഫാത്തിമ യുഎഇയിലെ അധികാരികൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഭൂകമ്പ ബാധിതർക്ക് ഭക്ഷണപ്പൊതികളും മരുന്നുകളും മെഡിക്കൽ സപ്ലൈകളും നൽകുന്നതിൽ മുൻപന്തിയിൽ നിന്ന യുഎഇ ദുരിതബാധിതർക്കായി 50 ടെന്റുകളുള്ള ഒരു താൽക്കാലിക അഭയസ്ഥാനവും നിർമ്മിച്ചുനൽകി. കൂടാതെ അത്യാധുനിക സാങ്കേതിക വിദ്യകളുള്ള 10 ആംബുലൻസുകളും സിറിയയ്ക്ക് നൽകി. ഗാലന്റ് നൈറ്റ് ഓപ്പറേഷന്റെ ഭാഗമായി റമദാനിലും ഈദ് അൽ ഫിത്തർ വേളയിലും പ്രതിദിനം ഭക്ഷണവും റേഷൻ പാഴ്സലുകളും രാജ്യം നൽകിയിരുന്നു.
ഇതുവരെ 15,164 ടൺ സഹായമാണ് സിറിയയിലെയും തുർക്കിയിലെയും ഭൂകമ്പ ദുരിതബാധിതർക്കായി യുഎഇ എത്തിച്ചു നൽകിയത്. ഇതിൽ ടെന്റുകൾ, അടിസ്ഥാന ഭക്ഷണം, മരുന്ന് എന്നിവ ഉൾപ്പെടെ 6,912 ടൺ അടിയന്തര സഹായ സാമഗ്രികളും നാല് ചരക്ക് കപ്പലുകളിലൂടെ 8,252 ടൺ മാനുഷിക സഹായങ്ങളും രാജ്യം നൽകിയിരുന്നു. അഞ്ച് മാസത്തെ തുടർച്ചയായ പ്രവർത്തനത്തിന് ശേഷം യുഎഇയുടെ ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 2 അവസാനിപ്പിച്ചതായി മന്ത്രാലയം അറിയിച്ചു.