യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കി നടനും സംവിധായകനുമായ ജോയ് മാത്യു. വിസാ നടപടികൾ പൂർത്തിയാക്കിയ ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് വെച്ച് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ് ജോയ് മാത്യു വിസ സ്വീകരിച്ചത്. 10 വർഷത്തെ വിസയാണ് പതിച്ചിരിക്കുന്നത്. സ്വദേശി പൗരപ്രമുഖനും യുഎഇ ഫെഡറൽ യൂത്ത് കൗൺസിൽ അംഗവുമായ സഈദ് അലി അൽ കഅബിയും ചടങ്ങിൽ പങ്കെടുത്തു.
യുഎഇയിൽ വളരെ കാലം മാധ്യമപ്രവർത്തകനായി പ്രവർത്തിച്ചിരുന്ന ജോയ് മാത്യു സംവിധായകൻ ജോൺ എബ്രഹാമിന്റെ പ്രശസ്‌തമായ അമ്മ അറിയാൻ (1986) എന്ന ചിത്രത്തിൽ നായകവേഷം ചെയ്‌താണ് സിനിമാ രംഗത്തേയ്ക്ക് പ്രവേശിച്ചത്. പിന്നീട് നാടകമേഖലയിലും പുസ്‌തകപ്രസാധക രംഗത്തും സജീവമായിരുന്നു.
നിരവധി പുരസ്കാരങ്ങൾ നേടിയ ഷട്ടർ (2012) എന്ന ചിത്രത്തിന് തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച് ജോയ് മാത്യു ഒരു ഇടവേളയ്ക്ക് ശേഷം സിനിമാ രംഗത്തേയ്ക്ക് തിരിച്ച് എത്തുകയായിരുന്നു. തുടർന്ന് അഭിനയ രംഗത്തും അണിയറയിലും പ്രവർത്തിച്ച് മലയാള സിനിമയിലെ സജീവസാന്നിധ്യമായി അദ്ദേഹം മാറി.
ബിസിനസ്-ചലച്ചിത്ര-കായിക-സാംസ്കാരിക-സാഹിത്യ രംഗം ഉൾപ്പെടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കാണ് യുഎഇ ഗോൾഡൻ വിസ അനുവദിക്കുന്നത്. നേരത്തെ മലയാള സിനിമയിൽ നിന്ന് മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ, ടൊവിനോ തോമസ്, ആസിഫ് അലി, ആശ ശരത്ത്, ശ്വേതാ മേനോൻ, ഹണി റോസ്, ഷാജു ശ്രീധർ തുടങ്ങി നിരവധി താരങ്ങൾക്ക് ഗോൾഡൻ വിസ ലഭിച്ചിരുന്നു.