യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കി നടി മേഘ്ന രാജ്. വിസാ നടപടികൾ പൂർത്തിയാക്കിയ ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് വെച്ച് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ് മേഘ്ന വിസ സ്വീകരിച്ചത്. 10 വർഷത്തെ വിസയാണ് പതിച്ചിരിക്കുന്നത്.
യക്ഷിയും ഞാനും, മെമ്മറീസ്, ബ്യൂട്ടിഫുൾ തുടങ്ങിയ മലയാളം സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച മേഘ്ന മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അന്തരിച്ച കന്നഡ നടൻ ചിരഞ്ജീവി സർജയാണ് മേഘ്നയുടെ ഭർത്താവ്.
ബിസിനസ്-ചലച്ചിത്ര-കായിക-സാംസ്കാരിക-സാഹിത്യ രംഗം ഉൾപ്പെടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കാണ് യുഎഇ ഗോൾഡൻ വിസ അനുവദിക്കുന്നത്. നേരത്തെ മലയാള സിനിമയിൽ നിന്ന് മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ, ടൊവിനോ തോമസ്, ആസിഫ് അലി, ആശ ശരത്ത്, ശ്വേതാ മേനോൻ, ഹണി റോസ് തുടങ്ങി നിരവധി താരങ്ങൾക്ക് ഗോൾഡൻ വിസ ലഭിച്ചിരുന്നു.