യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കാനാഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഒരു സ്പോൺസറുടെ ആവശ്യമില്ലാതെ യുഎഇയിൽ താമസിക്കാൻ അനുവദിക്കുന്ന 10 വർഷത്തെ ദീർഘകാല റെസിഡൻസി പെർമിറ്റാണ് ഗോൾഡൻ വിസ. പ്രത്യേക മേഖലകളിൽ മികവ് തെളിയിച്ചവർ, ഗവേഷകർ, മികച്ച വിദ്യാർത്ഥികൾ, ഡോക്‌ടർമാർ, അത്ലറ്റുകൾ, നിക്ഷേപകർ എന്നിവരുൾപ്പെടെയുള്ളവർക്കാണ് ഗോൾഡൻ വിസ അനുവദിക്കുന്നത്.
യുഎഇ ഗോൾഡൻ വിസ നേടുന്നവർക്കുള്ള ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ? ആറ് മാസത്തിൽ കൂടുതൽ താമസക്കാരൻ യുഎഇക്ക് പുറത്ത് തങ്ങുകയാണെങ്കിൽ സാധാരണ ഗതിയിൽ റസിഡൻസി വിസ അസാധുവാകും. എന്നാൽ ഗോൾഡൻ വിസ ഉടമകൾക്ക് ആറ് മാസത്തിൽ കൂടുതൽ യുഎഇക്ക് പുറത്ത് താമസിക്കാനും അവരുടെ താമസ വിസയുടെ സാധുത നിലനിർത്താനും കഴിയും.
യുഎഇ ഗോൾഡൻ വിസയുള്ള തൊഴിലാളിയാണ് നിങ്ങളെങ്കിൽ ഒരു ജോലിയിൽ നിന്ന് മറ്റൊന്നിലേയ്ക്ക് എളുപ്പത്തിൽ മാറുന്നതിനും മുൻ തൊഴിലുടമ സ്പോൺസർ ചെയ്‌ത താമസ വിസ റദ്ദാക്കാതെ തുടരുന്നതിനും അവസരമുണ്ട്. ഗോൾഡൻ വിസയുള്ളവർക്ക് വിസയുടെ പ്രാഥമിക ഉടമയുടെ മരണശേഷവും സ്പോൺസർ ചെയ്ത അംഗങ്ങളുടെ പെർമിറ്റിന് യുഎഇയിൽ അംഗീകാരമുണ്ടാകും. കൂടാതെ എത്ര വീട്ടുജോലിക്കാരെ വേണമെങ്കിലും സ്പോൺസർ ചെയ്യാനും ഇത്തരക്കാർക്ക് സാധിക്കും.
ഡ്രൈവിങ് ക്ലാസിൽ പങ്കെടുക്കാതെ നേരിട്ട് ലൈസൻസിന് അപേക്ഷിക്കാമെന്ന ഗുണം കൂടിയുണ്ട് ഗോൾഡൻ വിസ ഉടമകൾക്ക്. കൂടാതെ ഇവർക്കായി പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പാക്കേജുകളും യുഎഇയിൽ ഒരുക്കിയിട്ടുണ്ട്.