ഡെലിവറി ബോയ്സിന്റെ ഒരു ദിവസത്തെ പ്രശ്നങ്ങൾ അറിയാൻ യുഎഇ യിലെ പ്രശസ്ത ഡെലിവറി കമ്പനിയായ തലാബത്തിന്റെ സിഇഒ ടോമാസോ റോഡ്രിഗസ് തെരുവിലേക്കിറങ്ങി. അദ്ദേഹം റൈഡ് ചെയ്ത ബൈക്കിന്റെ ഫോൺ ഹോൾഡറിൽ ഫോൺ വച്ച് രണ്ട് മിനിറ്റിനുള്ളിൽ തന്നെ ഫോൺ അമിതമായി ചൂടാകുന്നതായും പിന്നീട് എവിടേക്കാണ് പോകേണ്ടതെന്ന കാര്യത്തിൽ ഒരു സൂചനയും ലഭിക്കുകയും ചെയ്തില്ല.
എന്നിരുന്നാലും, അടുത്തിടെ യു.എ.ഇ മോട്ടോർബൈക്ക് ലൈസൻസ് നേടിയ ടോമാസോ റോഡ്രിഗസിന് സഹ റൈഡർമാരിൽ നിന്ന് ധാരാളം സഹായം ലഭിച്ചു. മുതലാളിയാണെന്ന് ആരെയും അറിയിക്കാതെയായിരുന്നു അദ്ദേഹം ഇത്തരമൊരു കാര്യം ചെയ്തത്. ഡെലിവറി ബോയ്സിന്റെ ജോലി വെല്ലുവിളി നിറഞ്ഞതാണെങ്കിലും തൃപ്തികരമാണെന്ന് അദ്ദേഹം കണ്ടെത്തി.
ഇത് എളുപ്പമായിരുന്നില്ല. പക്ഷേ ആ നായകന്മാർ ആളുകളുടെ ജീവിതം എളുപ്പമാക്കുന്നതിന് എന്തെല്ലാമാണ് ചെയ്യുന്നത് എന്നതിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഡെലിവറി ബോയ്സിന്റെ പ്രധാന പ്രശ്നങ്ങൾ മനസിലാക്കാനും അവയെല്ലാം എങ്ങനെ പരിഹരിക്കാമെന്നും ഈ അനുഭവം തുണയായി. മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ സ്വയം അനുഭവിച്ചാൽ മാത്രമേ അതിനെപ്പറ്റി കൂടുതൽ അറിയാൻ കഴിയുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭാഗം ചൂടായിരുന്നു. കാറ്റ് ഒരുതരം ഉന്മേഷദായകമായതിനാൽ റൈഡിംഗ് ഒരു പ്രശ്‌നമല്ല. എന്നാൽ പുറത്ത് ഓർഡറുകൾക്കായി കാത്തിരിക്കുന്നത് വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. പാർക്കിംഗും ബുദ്ധിമുട്ടായിരുന്നു. ചില പ്രദേശങ്ങളിലും കെട്ടിടങ്ങളിലും ഡെലിവറി ബോയ്സിനെ ബേസ്മെന്റുകളിൽ പാർക്ക് ചെയ്യാൻ അനുവദിക്കുന്നില്ല. തെരുവുകളിൽ പാർക്ക് ചെയ്യാനും അവർക്ക് അനുവാദമില്ല. അതുകൊണ്ട് തന്നെ കെട്ടിടങ്ങൾ, വെണ്ടർ ലൊക്കേഷനുകൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, പാർക്കിംഗ് സ്ഥലങ്ങൾ എന്നിവിടങ്ങളിലെ പാർക്കിംഗ് വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നും അദ്ദേഹം പറഞ്ഞു.
ഫോൺ അമിതമായി ചൂടാകുന്നത് തടയാൻ ബൈക്കുകൾക്ക് യുവി പരിരക്ഷിക്കുന്ന വിൻഡ്ഷീൽഡുകൾ ഘടിപ്പിക്കുന്ന കാര്യത്തെ പറ്റി ആലോചിക്കും. ഡെലിവറി ബോയ്സിന് സുരക്ഷിതമായ യാത്രയും മികച്ച ഉപഭോക്തൃ അനുഭവവും ഈ സംവിധാനം ഉറപ്പാക്കും. കൂടാതെ പാർക്കിംഗ് നയങ്ങൾ പാലിച്ചുകൊണ്ട് ഒരു പരിഹാരം കണ്ടെത്തുന്നതിനും നഗരങ്ങൾക്ക് ചുറ്റും റൈഡറുകൾക്ക് പാർക്ക് ചെയ്യുന്നതിനുള്ള ശരിയായ സ്ഥലം കണ്ടെത്തുന്നതിനും അധികാരികളുമായി സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.