ഫെഡറൽ നാഷണൽ കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 309 സ്ഥാനാർത്ഥികളുടെ പ്രാഥമിക പട്ടിക ദേശീയ തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. 128 വനിതാ സ്ഥാനാർത്ഥികളാണ് പട്ടികയിൽ ഉള്ളത്. ആകെ 41 ശതമാനത്തിൽ 36 സ്ഥാനാർത്ഥികൾ (11 ശതമാനം) 25 നും 35 നും ഇടയിൽ പ്രായമുള്ളവരാണ്. ഒക്‌ടോബർ ഏഴിനാണ് എഫ്‌എൻസി തിരഞ്ഞെടുപ്പ് നടക്കുക. അബുദാബിയിൽ 118, ദുബായിൽ 57, ഷാർജയിൽ 50, അജ്മാൻ, റാസൽഖൈമ, ഉമ്മുൽ ഖുവൈൻ, ഫുജൈറ എന്നിവിടങ്ങളിൽ 21, 34, 14, 15 എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ ഉള്ളത്.
അതേസമയം അബുദാബിയിൽ 54, ഷാർജയിൽ 19, ദുബായിൽ 27, അജ്മാനിൽ 12, റാസൽഖൈമയിലും ഉമ്മുൽഖുവൈനിലും അഞ്ചുവീതം, ഫുജൈറയിൽ ആറ് എന്നിങ്ങനെയാണ് വനിതാ സ്ഥാനാർഥികൾ ഉള്ളത്. 2019 ൽ 479 സ്ഥാനാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്. അവരിൽ 182 പേർ സ്ത്രീകളായിരുന്നു.
ഉദ്യോഗാർത്ഥികൾക്കെതിരായ ഏത് അപ്പീലുകളും ഓഗസ്റ്റ് 26 നും ഓഗസ്റ്റ് 28 നും ഇടയിൽ സമർപ്പിക്കണം. ദേശീയ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഗസ്റ്റ് 29 നും ഓഗസ്റ്റ് 31 നും ഇടയിൽ അപ്പീലുകളോട് പ്രതികരിക്കും. അതിനുശേഷം സെപ്റ്റംബർ 2 ന് സ്ഥാനാർത്ഥികളുടെ അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. തെരഞ്ഞെടുപ്പിനുള്ള അംഗീകൃത ടൈംടേബിൾ പ്രകാരം സ്ഥാനാർത്ഥികൾ സെപ്തംബർ 11 ന് അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും.
സെപ്തംബർ 26 ആണ് സ്ഥാനാർത്ഥികൾക്ക് പേര് പിൻവലിക്കാനുള്ള അവസാന ദിവസം. അതേസമയം ഇലക്ടറൽ കോളേജ് ലിസ്റ്റിൽ പേരുള്ള എമിറാറ്റികൾക്ക് മാത്രമേ വോട്ട് ചെയ്യാനുള്ള അവസരമുള്ളു. സ്ഥാനാർത്ഥികൾ എമിറാറ്റികളും അവർ പ്രതിനിധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്ന എമിറേറ്റിലെ സ്ഥിര താമസക്കാരും ആയിരിക്കണമെന്ന് നിർബന്ധമാണ്. കൂടാതെ നോമിനേഷൻ പ്രക്രിയ അവസാനിക്കുമ്പോൾ അവർക്ക് കുറഞ്ഞത് 25 വയസ്സ് എങ്കിലും പ്രായമുണ്ടായിരിക്കണം. സ്ഥാനാർത്ഥികളുടെ മുഴുവൻ പട്ടികയും ദേശീയ തിരഞ്ഞെടുപ്പ് കമ്മിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്.