യുഎഇ പ്രമുഖ സന്നദ്ധ സംഘടനയായ ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷന് (കെ.എഫ്) ദുബായ് ഇസ്ലാമിക് ബാങ്കിന്റെ സംഭാവന. 25 ലക്ഷം ദിർഹമാണ് സംഭാവനയായി നൽകിയത്. പാവപ്പെട്ട രോഗികളെ സഹായിക്കുന്നതിന് വേണ്ടി അടുത്തിടെ ഫൗണ്ടേഷൻ ആരംഭിച്ച ‘ദാനം ആശ്വാസവും ആനന്ദവുമാണ്’ എന്ന സംരംഭത്തെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് ധനസഹായം പ്രഖ്യാപിച്ചത്. ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷൻ, എമിറേറ്റ്സ് ഹെൽത്ത് സർവിസസ്, ദുബായ് ഇസ്ലാമിക് ബാങ്ക് എന്നിവർക്കിടയിലുള്ള കരാർ ഒപ്പിടൽ ചടങ്ങിലാണ് ആരോഗ്യ രംഗത്തെ സാമ്പത്തിക സഹായം ഇസ്ലാമിക് ബാങ്ക് പ്രഖ്യാപിച്ചത്.
അതേസമയം എമിറേറ്റിലെ 15 മെഡിക്കൽ സെന്ററുകളിൽ വിതരണം ചെയ്യുന്നതിന് വേണ്ടി 77 ഫിസിയോതെറാപ്പി ഉപകരണങ്ങൾ വാങ്ങുന്നതിന് ഈ പണം ഉപയോഗിക്കുമെന്ന് ഖലീഫ് ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷൻ അറിയിച്ചു. കൂടാതെ ഡിജിറ്റൽ സംഭാവനകൾക്ക് വേണ്ടി പ്രത്യേക പ്ലാറ്റ്ഫോമുകൾ ഉൾപ്പെടുന്ന ഈ പദ്ധതി ആരോഗ്യസുരക്ഷ സേവനങ്ങളും മരുന്നുകളും വിതരണം ചെയ്യുകയും പാവപ്പെട്ട രോഗികൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയ്ക്കുകയും ചെയ്യും.