ആശ്രിത വീസയുടെ കാലാവധി തീർന്നാലും ആറു മാസം വരെ രാജ്യത്ത് താമസിക്കാമെന്ന് യുഎഇ. മാതാപിതാക്കൾ, ഭാര്യ, കുട്ടികൾ എന്നിവരാണ് ആശ്രിത വീസയുടെ പരിധിയിൽ വരുന്നത്. നിശ്ചിത സമയത്തിനുള്ളിൽ പുതിയ വീസയിലേക്കു മാറുകയോ രാജ്യം വിടുകയോ ചെയ്യണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് അറിയിച്ചു. അതിനുള്ളിൽ വീസ പുതുക്കിയില്ലെങ്കിൽ പിഴയടയ്ക്കേണ്ടി വരും.
ഫാമിലി വീസ ലഭിക്കാനുള്ള യോഗ്യതകൾ ഇതൊക്കെയാണ്:
4000 ദിർഹം മാസ വേതനം ഉണ്ടായിരിക്കണം അല്ലെങ്കിൽ 3000 ദിർഹം വേതനവും താമസ സൗകര്യവും വേണം.
18 വയസ്സിനു മുകളിലുള്ളവർ ആശ്രിത വീസയ്ക്ക് അപേക്ഷിച്ചാൽ വൈദ്യ പരിശോധന നിർബന്ധം.
ഭാര്യയ്ക്ക് വീസ അപേക്ഷിക്കുമ്പോൾ സാക്ഷ്യപ്പെടുത്തിയ വിവാഹ സർട്ടിഫിക്കറ്റും കൂടെ അറബിയിൽ വിവർത്തനം ചെയ്ത പകർപ്പും നൽകണം.
മാതാപിതാക്കളെ സ്പോൺസർ ചെയ്യാൻ നിയമ തടസ്സമില്ല, ഒരു വർഷം കാലാവധിയുള്ള, പുതുക്കാൻ സാധിക്കുന്ന വീസയാണ് നൽകുക.
അതോറിറ്റി നിശ്ചയിക്കുന്ന സുരക്ഷാ തുക അപേക്ഷയോടൊപ്പം നൽകണം.
മാതാപിതാക്കളിലൊരാൾ മരിക്കുകയോ വേർപിരിയുകയോ ചെയ്താൽ ഒരാൾക്കു മാത്രമായി വീസ നടപടികൾ പൂർത്തിയാക്കാം. മാതാപിതാക്കൾക്കു മക്കൾ ഒരുക്കുന്ന താമസ സൗകര്യം റസിഡൻസി വീസ ലഭിക്കാൻ പ്രധാനമാണ്. മാതാപിതാക്കൾക്ക് വർഷം തോറും പുതുക്കാൻ കഴിയുന്ന ആരോഗ്യ ഇൻഷുറൻസും വേണം.