2023 സുസ്ഥിരതാ വര്‍ഷമായി പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന്‍. ഫലപ്രദമായ കാലാവസ്ഥാ പ്രവർത്തനത്തിന് കൂട്ടായ കാഴ്ചപ്പാടും ഇച്ഛാശക്തിയും ആവശ്യമാണെന്നും ശൈഖ് മുഹമ്മദ് ട്വീറ്ററില്‍ കുറിച്ചു. ലോക കാലാവസ്ഥ ഉച്ചകോടിയുടെ ആതിഥേയൻ എന്ന നിലയിലാണ് യുഎഇയുടെ നീക്കം. കാലാവസ്ഥാ സുസ്ഥിരതയുടെ ഭാഗമായി മേഖലയിലെ പ്രവർത്തനത്തെയും നവീകരണത്തെയും പിന്തുണയ്ക്കേണ്ടത് അനിവാര്യമാണെന്നും ശൈഖ് മഹമ്മദ്് പറഞ്ഞു.
ലോകമെമ്പാടുമുള്ള സുസ്ഥിര സംരംഭങ്ങളെക്കുറിച്ചും കാലാവസ്ഥാ പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്യാൻ രാഷ്ട്രത്തലവൻമാർ, വ്യവസായ പ്രമുഖർ, സംരംഭകർ, നിക്ഷേപകർ, മുതിർന്ന നയരൂപകർത്താക്കൾ, യുവാക്കൾ എന്നിവരെ ഒന്നിപ്പിച്ച അബുദാബി സുസ്ഥിരതാ വാരം അവസാനിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് പ്രസിഡന്റിന്‍റെ പ്രഖ്യാപനം. കാർബൺ രഹിത യുഎഇ എന്ന മുദ്രാവാക്യ മുന്‍നിര്‍ത്തിയാണ് നീക്കം. 2008-ൽ യുഎഇ സ്ഥാപിച്ച ഒരു ആഗോള സംരംഭമാണ് സസ്‌റ്റൈനബിലിറ്റി വീക്ക് .
രാജ്യത്തിന്‍റെ വികസന തന്ത്രത്തിന്റെ ഹൃദയഭാഗത്താണ് പ്രകൃതി സംരക്ഷണവും കാലാവസ്ഥാ പ്രവർത്തനവുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ദുബായ് എക്പോ സിറ്റിയില്‍ 2023 നവംബർ 30 മുതൽ ഡിസംബർ 12 വരെയാണ് ലോക കാലാവസ്ഥ ഉച്ചകോടി നടക്കുക. 2023ലെ കാലാവസ്ഥ ഉച്ചകോടിയിൽ 140 ലേറെ രാഷ്‌ട്രത്തലവന്മാരും സർക്കാർ മേധാവികളും ഉൾപ്പെടെ 80,000 പേർ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ.