ഇനി യുഎഇയിൽ സൈബർ അക്രമങ്ങളെ ഭയക്കേണ്ട. സൈബർ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ദേശീയ ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുകയാണ് രാജ്യം. സൈബർ ഭീഷണി വർധിച്ച പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഭീഷണികളിൽ നിന്ന് പൊതുജനങ്ങളെയും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളെയും രക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
തട്ടിപ്പിനെക്കുറിച്ചുള്ള സൂചനകളും അത്തരം കാര്യങ്ങളിൽ നിന്ന് ഒഴിവാകാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ക്യാമ്പയിനിൽ വിശദീകരിക്കും. കൂടാതെ സംശയാസ്പദമായ ഇ–മെയിലുകൾ തിരിച്ചറിയാനുള്ള മാർഗനിർദേശങ്ങളും ക്യാമ്പയിനിൽ നൽകും.
ഇലക്ട്രോണിക് ഭീഷണികളുടെ സ്വഭാവം, സൈബർ ആക്രമണങ്ങൾ എങ്ങനെ കണ്ടെത്താം, അവ എങ്ങനെ കൈകാര്യം ചെയ്യണം, രക്ഷപ്പെടാനുള്ള മാർഗങ്ങൾ തുടങ്ങിയവ ക്യാമ്പയിനിൽ മനസ്സിലാക്കിത്തരും. അതേസമയം സൈബർ സുരക്ഷ ദൈനംദിന സംസ്കാരത്തിന്റെ ഭാഗമാക്കണമെന്ന് സൈബർ സെക്യൂരിറ്റി കൗൺസിൽ ചെയർമാൻ ഡോ. മുഹമ്മദ് ഹമദ് അൽ കുവൈത്തി പറഞ്ഞു.