യുഎഇയിൽ വർക്ക് പെർമിറ്റും റെസിഡൻസി വിസയും ഇനി അതിവേഗം ലഭിക്കും. ഇതിനാവശ്യമായ രേഖകൾ പ്രൊസസ് ചെയ്യുന്നതിനുള്ള സമയം 30 ദിവസത്തിൽ നിന്ന് 5 ദിവസമായി വെട്ടിക്കുറച്ചിരിക്കുകയാണ് യുഎഇ. വർക്ക് ബണ്ടിൽ പ്ലാറ്റ്‌ഫോമിൻ്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിച്ചതോടെയാണ് രാജ്യത്ത് വർക്ക് പെർമിറ്റുകളും റെസിഡൻസി വിസകളും നേടുന്നതിനുള്ള രേഖകളുടെ പ്രോസസ്ങ് സമയത്തിൽ വലിയ കുറവ് വന്നത്.
മുമ്പ് 30 ദിവസമെടുത്തിരുന്ന ഈ പ്രക്രിയയാണ് ഇപ്പോൾ വെറും അഞ്ച് ദിവസമായി ചുരുക്കിയത്. ബിസിനസ് ഉടമകൾക്കും സ്വകാര്യ കമ്പനികൾക്കുമായി പുതിയ ജീവനക്കാരെ നിയമിക്കുന്നതിനും നിലവിലുള്ള ജീവനക്കാർക്കുള്ള വർക്ക് പെർമിറ്റ് മുൻകൂട്ടി പുതുക്കുന്നതിനും സഹായിക്കുന്ന പ്ലാറ്റ്ഫോമാണ് വർക്ക് ബണ്ടിൽ പ്ലാറ്റ്‌ഫോം. വർക്ക് ബണ്ടിലിന്റെ രണ്ടാം ഘട്ടത്തിൽ ഏകദേശം 6,00,000 കമ്പനികളും ഏഴ് ദശലക്ഷത്തിലധികം തൊഴിലാളികളുമാണ് ഉൾപ്പെടുന്നത്. മൂന്നാം ഘട്ടത്തിൽ ഗാർഹിക തൊഴിലാളികളെ ഉൾപ്പെടുത്തുമെന്ന് മന്ത്രാലയം അറിയിച്ചു.
മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം, ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആന്റ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി, ദുബായ് ഹെൽത്ത്, ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമി ആന്റ് ടൂറിസം, ജനറൽ ഡയറക്ടറേറ്റ്, റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് എന്നീ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാണ് വർക്ക് ബണ്ടിൽ പ്രവർത്തിക്കുന്നത്.