യുഎഇയിൽ വേനൽച്ചൂട് ശക്തമാകുകയാണ്. രാജ്യത്തെ താപനില കഴിഞ്ഞ ദിവസം 50 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു. ഈ സാഹചര്യത്തിൽ പള്ളികളിലെ വെള്ളിയാഴ്ച പ്രഭാഷണങ്ങൾ 10 മിനിറ്റായി ചുരുക്കി അധികൃതർ.
ജൂൺ 28 (വെള്ളിയാഴ്ച) മുതൽ ഒക്ടോബർ വരെ ഈ സമയക്രമം പാലിക്കണമെന്നാണ് നിർദേശം. രാജ്യത്തുടനീളമുള്ള ഇമാമുകളോട് വെള്ളിയാഴ്ച പ്രഭാഷണത്തിന്റെ സമയം 10 മിനിറ്റായി ചുരുക്കണമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആന്റ് എൻഡോവ്‌മെൻ്റ് ആവശ്യപ്പെട്ടു. ചൂട് കൂടുന്നതിനാൽ പള്ളികളിൽ പ്രാർത്ഥനയ്ക്കെത്തുന്നവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
സാധാരണയായി വെള്ളിയാഴ്ച ദിവസങ്ങളിലെ പ്രഭാഷണത്തിന് പ്രസംഗികനെ ആശ്രയിച്ച് 10 മുതൽ 20 മിനിറ്റ് വരെ എടുക്കാറുണ്ട്. തുടർന്ന് രണ്ട് യൂണിറ്റ് ജമാഅത്ത് പ്രാർത്ഥന. ഈ സമയമാണ് ഇപ്പോൾ കുറച്ചിരിക്കുന്നത്. സൗദിയിലും കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ പ്രഭാഷണങ്ങളുടെ സമയം 15 മിനിറ്റായി ചുരുക്കിയിരുന്നു.