യുഎഇ യിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിലെ പൂർണ്ണ ഉത്തരവാദിത്തം കാർഡ് ഉടമയ്ക്ക് ആയിരിക്കും. കൂടാതെ ബാങ്കിന്റെ ഉത്തരവാദിത്തങ്ങൾ ലഘൂകരിക്കുകയും ചെയ്തിട്ടുണ്ട്. പൂർണ ഉത്തരവാദിത്തം കാർഡ് ഉടമയിൽ മാത്രമാക്കിയ ഭേദഗതി ഓഗസ്റ്റ് ഒന്ന് മുതൽ നടപ്പാക്കും. എന്നാൽ പ്രതിമാസ അടവ് തെറ്റിയാൽ 236 ദിർഹം പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇനി മുതൽ വ്യാപാരത്തിലുണ്ടാകുന്ന സാമ്പത്തിക നഷ്ടം, ധനകാര്യ സ്ഥാപനങ്ങളോ വ്യക്തികളോ ക്രെഡിറ്റ് കാർഡ് നിരസിച്ചതു മൂലം ഉപയോക്താവിന് ഉണ്ടാകുന്ന നഷ്ടം എന്നിവയൊന്നും ബാങ്കിന്റെ ഉത്തരവാദിത്ത പരിധിയിൽ വരില്ല. ഇത്തരം സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി അടവ് മുടക്കാൻ സാധിക്കില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഏത് സാഹചര്യത്തിലും തവണ അടവ് മുടങ്ങാൻ പാടില്ല.
ഇടപാടുകാരായ വ്യാപാരികളും ധനകാര്യ സ്ഥാപനങ്ങളും തമ്മിലുണ്ടാവുന്ന തർക്കത്തിൽ ബാങ്കിന് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല. കൂടാതെ ക്രെഡിറ്റ് കാർഡിന്റെ പ്രതിമാസ വിവരങ്ങളിൽ വ്യക്തമാക്കിയ തീയതി കഴിഞ്ഞതിന് ശേഷം 30 ദിവസത്തിന് ശേഷമുള്ള ഇടപാട് കാര്യങ്ങൾ ബാങ്ക് പുനഃപരിശോധിക്കുകയും ചെയ്യില്ല. എന്നാൽ അനധികൃത രേഖകൾ ബാങ്കിൽ സമർപ്പിച്ചാൽ അതിന്റെ ഉത്തരവാദിത്തം ഇടപാടുകാരനു മാത്രമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം ക്രെഡിറ്റ് കാർഡ് മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്താൽ ബാങ്കിൽ അറിയിക്കുന്നതിന് മുൻപുള്ള സാമ്പത്തിക നഷ്ടത്തിന്റെ ഉത്തരവാദിത്തവും ക്രെഡിറ്റ് കാർഡ് ഉടമയ്ക്കു മാത്രമായിരിക്കും. കൂടാതെ മെഷീനുകളുടെ തകരാറ് മൂലം സംഭവിക്കുന്ന നഷ്ടവും ബാങ്ക് ഏറ്റെടുക്കില്ല. ക്രെഡിറ്റ് കാർഡ് ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കാർഡ് ഉടമയിൽ മാത്രം പരിമിതപ്പെടുത്തുന്നതായിരിക്കും പുതിയ ഭേദഗതിയെന്നും അധികൃതർ കൂട്ടിച്ചേർത്തു.