നാല് വർഷത്തിനുള്ളിൽ സ്വകാര്യ മേഖലയിൽ യുഎഇ പൗരന്മാർക്കായി 13,500 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ അഡ്നോക്കും നാഫിസും തമ്മിൽ സഹകരണ കരാർ. കരാറിൻ്റെ ഭാഗമായി ഈ വർഷം അൽ ദഫ്‌റ മേഖലയിൽ പൌരൻമാർക്ക് ജോലിയും പരിശീലനവും നൽകും.
കൂടാതെ നഫീസിൻ്റെ അപ്രൻ്റീസ് പ്രോഗ്രാമിലൂടെ അഡ്‌നോക്കിൻ്റെ വിതരണ ശൃംഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികളിൽ യുഎഇ യൂണിവേഴ്‌സിറ്റി ബിരുദധാരികൾക്ക് ആയിരം തൊഴിലധിഷ്ഠിത പരിശീലന അവസരങ്ങളും ഒരുക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എമിറാത്തികൾക്കായി 100,000 സ്വകാര്യമേഖലാ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന യുഎഇയുടെ ലക്ഷ്യത്തെ പിന്തുണച്ചാണ് കരാർ നടപ്പാക്കുന്നത്.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ), എഞ്ചിനീയറിംഗ്, മാനുഫാക്ചറിംഗ് എന്നിവയുൾപ്പെടെയുള്ള നൂതന മേഖലകളിൽ ഉയർന്ന വൈദഗ്ധ്യമുള്ള ജോലികൾക്കും അവസരമുണ്ടാകുമെന്ന് വ്യവസായ, അഡ്വാൻസ്‌ഡ് ടെക്‌നോളജി മന്ത്രിയും മാനേജിംഗ് ഡയറക്ടറും അഡ്‌നോക് മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ പറഞ്ഞു.