സ്വകാര്യമേഖലയിലെ എമിറേറ്റൈസേഷനെ നിയന്ത്രിക്കുന്ന മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നതിൽ പരാജയപ്പെട്ട സ്വകാര്യ കമ്പനിക്ക് 10 മില്യൺ ദിർഹം പിഴ ചുമത്തിയതായി യുഎഇ അധികൃതർ അറിയിച്ചു. 113 പൗരന്മാരെ സാങ്കൽപ്പിക റോളുകളിൽ കമ്പനി നിയമിച്ചതായി അബുദാബി മിസ്‌ഡിമെനർ കോടതി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി .
ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്രെ) കമ്പനിയുടെ എമിറേറ്റൈസേഷൻ നടപടിക്രമങ്ങളിൽ ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തുകയും കേസ് അന്വേഷണത്തിനായി അബുദാബി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയുമായിരുന്നു.
കമ്പനിയുടെ പേരിൽ വർക്ക് പെർമിറ്റ് നൽകുകയും സാങ്കൽപ്പിക തസ്തികകളിൽ ജീവനക്കാരെ രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ഇതുവഴി കമ്പനികൾക്ക് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന നഫീസ് പ്രോഗ്രാം സ്ഥാപനം ദുരുപയോഗം ചെയ്തെന്നും കണ്ടെത്തി.
സ്വകാര്യ മേഖലയിലെ ജോലികളിൽ എമിറാത്തികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനാണ് യുഎഇ നഫീസ് പ്രോഗ്രാം നടപ്പാക്കിയത്. എന്നാൽ കമ്പനിയുടെ നീക്കം പ്രോഗ്രാമിൻ്റെ ലക്ഷ്യങ്ങളുടെയും ചട്ടങ്ങളുടെയും നേരിട്ടുള്ള ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.