ഫെബ്രുവരിയിലെ ഭൂകമ്പം അനാഥമാക്കിയ സിറിയയിലെ കുട്ടികൾക്ക് പെരുന്നാൾ സഹായഹസ്തവുമായി എമിറേറ്റ്സ് റെഡ് ക്രസൻ്റ്. പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങുന്നതിനുളള വൗച്ചറുകളാണ് വിതരണം ചെയ്യുന്നത്. ഭൂകമ്പത്തിൽ മാതാപിതാക്കൾ മരിച്ച കുട്ടികളെയാണ് പദ്ധതിയിലെ പ്രധാൻ ഗുണഭോക്താക്കളായി ഉൾപ്പെടുത്തിയിരിക്കുന്നത്. പെരുന്നാൾ ദിനത്തിൽ കുട്ടികളുടെ മുഖങ്ങളിൽ പുഞ്ചിരി വിരിയിക്കുകയാണ് വസ്ത്ര വിതരണ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് അധികൃതർ വിശദീകരിച്ചു.
വിവിധ സിറിയൻ പ്രവിശ്യകളുമായി ഏകോപിപ്പിച്ച് 17,000 ഭൂകമ്പ ബാധിത കുടുംബങ്ങളെ സഹായിക്കാനും റെഡ്ക്രസൻറിൻ്റെ തീരുമാനമുണ്ട്. വീടുകൾ നിർമ്മിച്ചുനൽകുന്നത് ഉൾപ്പെടെ മുമ്പ് പ്രഖ്യാപിച്ച പദ്ധതികളും തുടരുകയാണ്. ഭൂകമ്പത്തിലെ ഇരകൾക്ക് സിറിയയിൽ 1000 വീടുകൾ പണിയുമെന്നാണ് യുഎഇ നേരത്തെ അറിയിച്ചിരുന്നത്. എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പദ്ധതിയിലൂടെ ആറായിരം പേർക്കാണ് താമസത്തിന് സൗകര്യമൊരുങ്ങുക. 6.5 കോടി ദിർഹം ഇതിനായി ചെലവഴിക്കും.
ലതാകിയ ഗവർണറേറ്റിലെ തിരഞ്ഞെടുത്ത ഏഴ് പ്രദേശങ്ങളിലാണ് വീടുനിർമ്മാണം. നിർമാണ പ്രവർത്തനങ്ങൾക്കും അർഹരായ കുടുംബങ്ങളെ തിരഞ്ഞെടുക്കുന്നതിനും പ്രാദേശിക വികസന അതോറിറ്റി, ലതാകിയ ഗവർണറേറ്റ് കൗൺസിൽ, സിറിയൻ റെഡ് ക്രസന്റ്, മറ്റ് പ്രധാന അധികാരികൾ എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്.