2025 സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റിന് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ. 7,150 കോടി ദിർഹം കണക്കാക്കുന്ന ബജറ്റിനാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ അംഗീകാരം നൽകിയത്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബജറ്റിനാണ് അംഗീകാരം നൽകിയത്.
പെൻഷൻ അടക്കമുള്ള സുരക്ഷാ പദ്ധതികൾക്കായി 27.85 ബില്യൺ ദിർഹമാണ് നീക്കിവെച്ചിരിക്കുന്നത്. ആകെ ബജറ്റിൻ്റെ 39 ശതമാനവും ഈ മേഖലയ്ക്കാണ്. ഗവൺമെന്റ് കാര്യങ്ങൾക്കായി 25.57 ബില്യൺ ദിർഹം നീക്കിവെച്ചു. ആകെ ബജറ്റിൻ്റെ 35.7 ശതമാനമാണിത്. സാമ്പത്തിക കാര്യങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കുമായി 2.58 ബില്യൺ ദിർഹം, ധനനിക്ഷേപങ്ങൾക്കായി 2.86 ബില്യൺ ദിർഹം, മറ്റ് ഗവൺമെൻ്റ് ചെലവുകൾക്കായി 12.62 ബില്യൺ ദിർഹം എന്നിങ്ങനെയാണ് വകയിരുത്തിയത്.
സാമൂഹികക്ഷേമ പദ്ധതിക്ക് കീഴിൽ വരുന്ന ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 10.91 ബില്യൺ ദിർഹവും ആരോഗ്യ മേഖലയ്ക്ക് 5.74 ബില്യണും വകയിരുത്തി. പെൻഷന് വേണ്ടി 5.7 ബില്യൺ, പൊതുസേവന മേഖലയ്ക്കായി 1.74 ബില്യൺ നീക്കിവെച്ചു.