റമദാൻ മാസം പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ പുതിയ നോമ്പുതുറ വിഭവങ്ങളൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് യുഎഇയിലെ ബേക്കറികൾ. നോമ്പ് കാലത്ത് കാലാകാലങ്ങളായി ഉണ്ടാക്കിവരുന്ന വിഭവങ്ങളും പുത്തൻ രുചിക്കൂട്ടുകളും ഓരേപോലെ ജനങ്ങളിലേയ്ക്കെത്തിക്കാനാണ് ബേക്കറി ഉടമകൾ ശ്രമിക്കുന്നത്. റമദാൻ തിരക്കുകൾ കണക്കിലെടുത്ത് പുലർച്ചെ മൂന്ന് മണി വരെ തുറന്ന് പ്രവർത്തിക്കാനാണ് രാജ്യത്തെ പലബേക്കറി ഉടമകളുടെയും തീരുമാനം.
കേക്കുകൾ, ചോക്ലേറ്റ്, സാൻഡ്‌വിച്ച്, ബർഗർ, റോളുകൾ, നട്സുകൾ, വിവിധ പലഹാരങ്ങൾ തുടങ്ങിയവയുടെ വലിയ ശേഖരം തന്നെയാണ് ഇത്തവണ യുഎഇയിൽ ഒരുങ്ങുക. ആദ്യ കാഴ്ചയിൽ ഏത് വാങ്ങണമെന്ന് ഉപഭോക്താക്കളെ സംശയത്തിലാക്കുന്നതാണ് പല വിഭവങ്ങളും. രുചിയോടൊപ്പം ആരോഗ്യത്തിന് ഗുണപ്രദമായ വിഭവങ്ങളും ഇത്തവണ ബേക്കറികളിലെത്തും.
മിക്കവർക്കും ജോലി സംബന്ധമായ തിരക്കുകൾ കാരണം പലപ്പോഴും നോമ്പുതുറ വിഭവങ്ങൾ ഉണ്ടാക്കാൻ സാധിക്കണമെന്നില്ല. ഈ സാഹചര്യത്തിൽ ബേക്കറികളെയാണ് പലരും ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ വിവിധ പലഹാരങ്ങളും ജ്യൂസുകളും നട്സുകളുമെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കുകയാണ് യുഎഇയിലെ ബേക്കറികൾ. ചെറുതും വലുതുമായ നിരവധി നോമ്പുതുറ ഓർഡറുകളാണ് ഇതിനോടകം ലഭിച്ചിരിക്കുന്നതെന്നാണ് പല ബേക്കറി ഉടമകളും വ്യക്തമാക്കുന്നത്.