ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യത്തിന് ശേഷം യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയുടെ തിരിച്ചുവരവ് തത്സമയം കാണാൻ അവസരം. www.mbrsc.ae/live-ലൂടെയാണ് സെപ്റ്റംബർ 2, 3 തിയതികളിൽ തത്സമയ മടക്കം കാണാൻ സാധിക്കുക. കൂടാതെ #SafeReturnSultan എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ഈ ചരിത്ര നേട്ടത്തിന്റെ ഭാഗമാകാനും സാധിക്കും.
അൽ നെയാദി ഉൾപ്പെടുന്ന കൂ-6 ഉള്ള സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകം സെപ്റ്റംബർ 2 ന് ഐഎസ്എസിൽ നിന്ന് അൺഡോക്ക് ചെയ്യുമെന്നും 3 ന് യുഎസിലെ ഫ്ളോറിഡ തീരത്ത് ബഹിരാകാശ പേടകം എത്തിച്ചേരുമെന്നും പ്രതീക്ഷിക്കുന്നതായാണ് നാസയാണ് അറിയിച്ചത്. ബഹിരാകാശനിലയത്തിൽ നിന്ന് ഭൂമിയിലെത്താൻ 16 മണിക്കൂറെടുക്കുമെന്നാണ് കണക്കാക്കുന്നത്. സെപ്റ്റംബർ 2നാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്കിങ് ചെയ്യുക. വൈകിട്ട് 3 മുതൽ ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ തത്സമയം സംപ്രേഷണം ചെയ്യും. അൺഡോക്കിംഗ് 5.05നാണ് നടക്കുക. തുടർന്ന് സെപ്റ്റംബർ 3നാണ് ഭൂമിയിലേയ്ക്കെത്തുക. രാവിലെ 8.30 മുതൽ ഈ ദൃശ്യങ്ങൾ തത്സമയം കാണാൻ സാധിക്കും. സാഷ്ഡൗൺ സമയം രാവിലെ 8.58 ആണ്.
കഴിഞ്ഞ മാർച്ച് മൂന്നിനാണ് നെയാദിയും സംഘവും ബഹിരാകാശനിലയത്തിലെത്തിയത്. ഏറ്റവും കൂടുതൽ കാലം ബഹിരാകാശനിലയത്തിൽ ചെലവഴിക്കുന്ന ആദ്യ എമറാത്തി, സ്പേസ് വോക്ക് നടത്തിയ ആദ്യ അറബ് പൗരൻ എന്നീ റെക്കോർഡുകൾ സ്വന്തമാക്കിയാണ് സുൽത്താൻ അൽ നെയാദി ഭൂമിയിലേക്ക് മടങ്ങുന്നത്. ഭൂമിയിലെത്തിയാൽ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാൻ ഫിസിയോതെറാപ്പിയുൾപ്പെടെയുള്ള വിവിധ ചികിൽസയിലൂടെ നെയാദിയും സംഘവും കടന്നുപോകും. അതിനുശേഷം യുഎഇയിലെത്തുന്ന അദ്ദേഹത്തിന് വൻ വരവേൽപ്പാണ് ഒരുക്കുന്നതെന്ന് മുഹമ്മദ് റാഷിദ് സ്പേസ് സെന്റർ ഡയറക്ടർ ജനറൽ സാലെം അൽ മർറി പറഞ്ഞു.