ഫോൺ കോളുകൾ വഴിയുള്ള മാർക്കറ്റിംഗിന് പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കി യുഎഇ സർക്കാർ. ഉപഭോക്താക്കളെ അനാവശ്യമായ ടെലിമാർക്കറ്റിംഗ് രീതികളിൽ നിന്ന് സംരക്ഷിക്കുന്നതിന്റെയും യുഎഇയിലെ വിപണന പ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിന്റെയും ഭാഗമായാണ് സാമ്പത്തിക മന്ത്രാലയത്തിൻ്റെയും ടിഡിആർഎയുടെയും നടപടി. നിയമലംഘകർക്ക് 1,50,000 ദിർഹം വരെ പിഴയും മറ്റ് ഭരണപരമായ പിഴകളും ചുമത്തപ്പെടും.
പിഴയ്ക്ക് പുറമെ നിയമലംഘനം നടത്തുന്ന കമ്പനിയുടെ പ്രവർത്തനം ഭാഗികമായോ പൂർണ്ണമായോ താൽക്കാലികമായി നിർത്തിവയ്ക്കുക, ലൈസൻസ് റദ്ദാക്കുക, വാണിജ്യ രജിസ്ട്രിയിൽ നിന്ന് നീക്കം ചെയ്യുക, ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ വെട്ടിക്കുറയ്ക്കുക, ഒരു വർഷത്തേക്ക് രാജ്യത്ത് ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ നിർത്തലാക്കുക തുടങ്ങിയ കടുത്ത നടപടികളും നേരിടേണ്ടി വരും.
ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ഇവയാണ്:
• ടെലിമാർക്കറ്റിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് മുമ്പ് വിപണന കമ്പനികൾ ബന്ധപ്പെട്ട അധികൃതരിൽ നിന്ന് അനുമതി നേടണം.
• വ്യക്തികൾ അവരുടെ പേരിൽ രജിസ്റ്റർ ചെയ്ത ഫോണുകൾ ഉപയോഗിച്ച് മാർക്കറ്റിംഗ് കോളുകൾ വിളിക്കരുത്.
• എല്ലാ മാർക്കറ്റിംഗ് കോളുകളും ലൈസൻസുള്ള ടെലിമാർക്കറ്റിംഗ് കമ്പനിയുടെ പേരിൽ രജിസ്റ്റർ ചെയ്ത ഫോണുകളിൽ നിന്നായിരിക്കണം.
• മാർക്കറ്റിംഗ് കോളുകൾ രാവിലെ 9 മണിക്കും വൈകുന്നേരം 6 മണിക്കും ഇടയിൽ മാത്രമേ അനുവദിക്കൂ.
• ഡുനോട്ട് കോൾ രജിസ്ട്രിയിൽ (DNCR) രജിസ്റ്റർ ചെയ്ത നമ്പറുകളിലേക്ക് വിളിക്കുന്നത് കർശനമായി നിരോധിച്ചു.
• ആദ്യ കോളിൽ ഉപഭോക്താവ് ഒരു സേവനമോ ഉല്പന്നമോ നിരസിച്ചാൽ ഫോളോ-അപ്പ് കോൾ നിരോധിച്ചു.
• ഉപഭോക്താവ് ഉത്തരം നൽകുന്നില്ലെങ്കിലോ അല്ലെങ്കിൽ കോൾ അവസാനിക്കുകയോ ചെയ്താൽ പ്രതിദിനം പരമാവധി ഒരു കോൾ മാത്രമേ അനുവദിക്കൂ.
• ഉപഭോക്താവിന് മാർക്കറ്റിംഗ് കോൾ നിയന്ത്രണങ്ങളുടെ ലംഘനങ്ങളെക്കുറിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകാനുള്ള അവകാശമുണ്ടായിരിക്കും.