ഹജ്ജ് സീസൺ ആരംഭിച്ചതോടെ പുതിയ ഹജ്ജ്, ഉംറ നിയമങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ. നിയമലംഘകർക്കെതിരെ കടുത്ത പിഴയാണ് ചുമത്തപ്പെടുക. ലൈസൻസ് നടപടിക്രമങ്ങളും ലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴകൾ ഉൾപ്പെടെ ഹജ്ജ് തീർത്ഥാടനത്തിൻ്റെ നടത്തിപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
തീർത്ഥാടന സേവനങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനാണ് അധികൃതർ കനത്ത പിഴ ചുമത്തിയത്. നിയമം ലംഘിക്കുന്ന വ്യക്തികൾക്കും സംഘാടകർക്കും ഓഫീസുകൾക്കും 50,000 ദിർഹം വരെയാണ് പിഴ ചുമത്തുക. ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആന്റ് എൻഡോവ്‌മെൻ്റിൻ്റെ മുൻകൂർ അനുമതിയില്ലാതെ ഇനിമുതൽ യുഎഇയിലെ ഓപ്പറേറ്റർമാർക്ക് ഹജ്ജ് അല്ലെങ്കിൽ ഉംറയ്ക്കുള്ള അപേക്ഷകളോ അഭ്യർത്ഥനകളോ സ്വീകരിക്കാൻ കഴിയില്ല.
ഹജ്ജ് അല്ലെങ്കിൽ ഉംറ യാത്രകൾ സംഘടിപ്പിക്കുന്നതിനോ പരസ്യം ചെയ്യുന്നതിനോ മുമ്പായി ഓപ്പറേറ്റർമാർ അതോറിറ്റിയിൽ നിന്ന് അനുമതി വാങ്ങുകയും വേണം. കൂടാതെ ലൈസൻസില്ലാതെ തീർത്ഥാടനത്തിനായി സംഭാവനകൾ ശേഖരിക്കുന്നതും സ്വീകരിക്കുന്നതും നിരോധിച്ചിട്ടുണ്ട്.