യുഎഇയിൽ അതിശക്തമായി ചൂട് കൂടുന്ന സാഹചര്യത്തിൽ പുറം തൊഴിലാളികൾക്ക് മധ്യാഹ്ന ഇടവേള പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് മധ്യാഹ്ന ഇടവേള നടപ്പിലാക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയുള്ള സമയത്ത് തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതാണ് നിരോധിച്ചിരിക്കുന്നത്.
വേനലിലെ ശക്തമായ ചൂടിൽ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതകൾ മുൻനിർത്തിയുമാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്. നിയമലംഘനം നടത്തുന്നവർക്ക് 50,000 ദിർഹം വരെ പിഴ ചുമത്തുകയും ചെയ്യും. മധ്യാഹ്ന ഇടവേളയിൽ ജോലി ചെയ്യുന്ന ഓരോ ജീവനക്കാരനും തൊഴിലുടമകൾ 5,000 ദിർഹം വീതമാണ് പിഴ ചുമത്തുക. നിരവധി ജീവനക്കാർ ജോലി ചെയ്താൽ 50,000 ദിർഹം വരെയും ചുമത്തും.
അതേസമയം, ചില ജോലികളെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ജലവിതരണം അല്ലെങ്കിൽ വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ, ഗതാഗത നിയന്ത്രണം, റോഡ് പ്രവൃത്തികളിൽ അസ്ഫാൽറ്റ് ഇടുകയോ കോൺക്രീറ്റ് ചെയ്യുകയോ ചെയ്യുക, അടിസ്ഥാന സേവനങ്ങളുമായി ബന്ധപ്പെട്ട മറ്റ് ജോലികൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ഉച്ചസമയത്തും ജോലി തുടരാൻ അനുവാദമുണ്ട്.
എന്നാൽ ഇടവേള സമയത്ത് ജോലി തുടരാൻ കമ്പനികൾ പെർമിറ്റിനായി പ്രത്യേകം അപേക്ഷ സമർപ്പിക്കുകയും വേണം. നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരെ സംരക്ഷിക്കുന്നതിന് പാരസോളുകൾ ഉൾപ്പെടെയുള്ള സാമഗ്രികളും ഷേഡുള്ള സ്ഥലങ്ങളും തൊഴിലുടമകൾ നൽകണം. മാത്രമല്ല, ജോലി സ്ഥലങ്ങളിൽ ഫാനുകളും ആവശ്യത്തിന് കുടിവെള്ളവും പ്രഥമശുശ്രൂഷ ഉപകരണങ്ങളും ഉണ്ടായിരിക്കണമെന്നും അധികൃതർ നിർദേശിച്ചു.