യുഎഇയിൽ റമദാൻ വന്നെത്താൻ മൂന്ന് മാസം കൂടി. ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് (ഐഎസിഎഡി) വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഹിജ്‌റി കലണ്ടർ പ്രകാരം, റമദാൻ 2024 മാർച്ച് 12 ചൊവ്വാഴ്ച ആരംഭിക്കുമെന്നാണ് നിഗമനം. ഇതനുസരിച്ച് റമാദാൻ 29 മുതൽ ശവ്വാൽ 3 വരെ ( ഏപ്രിൽ 9 ചൊവ്വ മുതൽ ഏപ്രിൽ 12 വെള്ളി വരെ)പൊതു അവധി ആയിരിക്കാനാണ് സാധ്യത. കൂടാതെ ശനി-ഞായർ വാരാന്ത്യങ്ങൾ കൂടി പരിഗണിക്കുമ്പോൾ ഇത് ആറ് ദിവസത്തെ അവധിയായി മാറും.
ഇസ്ലാമിക കലണ്ടറിലെ ഒമ്പതാമത്തെ മാസമാണ് റമദാൻ. ഹിജ്‌റി കലണ്ടറിലെ എല്ലാ മാസങ്ങളെയും പോലെ ചന്ദ്രക്കല കാണുമ്പോഴാണ് റമദാൻ ആരംഭം നിർണ്ണയിക്കപ്പെടുന്നത്. യഥാർത്ഥ തീയതികൾ ചന്ദ്രനെ കാണുന്നതിന് വിധേയമാണെങ്കിലും ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾക്ക് വിധേയമായാണ് മുൻകൂർ തീയതികൾ പ്രവചിക്കുന്നത്. ഇക്കുറി വസന്തകാലത്തിൻ്റെ തുടക്കമായതിനാൽ നോമ്പുകാലത്ത് താപനില കുറവായിരിക്കും.
IACAD കലണ്ടർ പ്രകാരം വിശുദ്ധ മാസത്തിന് 29 ദിവസങ്ങൾ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അവസാനത്തെ നോമ്പ് ദിനം ഏപ്രിൽ 9 ചൊവ്വാഴ്ചയാണ്. വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്ലാമിക ആഘോഷമായ ഈദ് അൽ ഫിത്തർ ആഘോഷിക്കുക.