സംസ്കാരാധിഷ്ഠിത കാലാവസ്ഥ പ്രവർത്തനത്തിനായി കോപ്28-ൽ പുതിയ കൂട്ടായ്മ പ്രഖ്യാപിച്ച് യുഎഇയും ബ്രസീലും രംഗത്തെത്തി. കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിലും പൊരുത്തപ്പെടുന്നതിലും ഒരോ നാടിൻ്റേയും സംസ്കാരത്തിൻ്റെ പങ്ക് പ്രധാനമാണെന്ന് സൂചിപ്പിച്ചാണ് ചരിത്രപരമായ നീക്കം. യുഎഇ സാംസ്‌കാരിക മന്ത്രി സലേം ബിൻ ഖാലിദ് അൽ ഖാസിമിയും ബ്രസീലിൻ്റെ സാംസ്കാരിക മന്ത്രി മാർഗരത് മെനെസെസും ചേർന്നാണ് സഹകരണ പ്രഖ്യാപനം നടത്തിയത്.
33 രാജ്യങ്ങളും യുഎൻ ഏജൻസികളും ഉൾപ്പെടുന്നതാണ് പുതിയ സാംസ്കാരിക സഖ്യം. ഫലപ്രദവും യോജിച്ചതും ഏകോപിതവുമായ ആഗോള പ്രവർത്തനത്തിന് രാഷ്ട്രീയ ആക്കംകൂട്ടാൻ പുതിസ സഖ്യത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. സംസ്‌കാരാധിഷ്ഠിത കാലാവസ്ഥ പ്രവർത്തനങ്ങളെക്കുറിച്ചുള്ള എമിറേറ്റ്‌സ് പ്രഖ്യാപനത്തിൻ്റെ പ്രകാശനവും യോഗത്തിൽ നടന്നു. കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം ബിൻത് മുഹമ്മദ് അൽമെഹെയ്‌രി ചടങ്ങിൽ പങ്കെടുത്തു.
കാലാവസ്ഥ വ്യതിയാനം പരിസ്ഥിതിയെ മാത്രമല്ല, സാമൂഹികവും സാംസ്‌കാരികവുമായ ആവാസവ്യവസ്ഥയെയും ബാധിക്കുമെന്ന് യോഗം വിലയിരുത്തി. സാംസ്കാരിക പൈതൃകം, കലകൾ, സർഗ്ഗാത്മക വ്യവസായങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പരിസ്ഥിതി സന്തുലനം നിലനിർത്തുകയും വേണമെന്നും അഭിപ്രായമുയർന്നു. സാംസ്കാരിക അടിയന്തരാവസ്ഥ ഒഴിവാക്കേണ്ടതാണെന്നും പാരീസ് ഉടമ്പടിയിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കേണ്ടതാണെന്നും പ്രതിനിധികൾ പറഞ്ഞു.
ഭൂമിയുടെ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ നിന്ന് സംസ്കാരം പോലെ ശക്തമായ ഒരു സാംസ്കാരിക സ്വത്തിനെ ഒഴിവാക്കാനാവില്ലെന്ന് യുഎഇയും ബ്രസീലും കൂട്ടിച്ചേർത്തു.