യുഎഇയിൽ പൊതുമാപ്പ് ആരംഭിച്ച് ഒരു മാസം പൂർത്തിയാകുകയാണ്. വിസാ കാലാവധി കഴിഞ്ഞ ശേഷം യുഎഇയിൽ തുടരുന്ന വിദേശികൾക്ക് പിഴ കൂടാതെ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാനും പുതിയ ജോലി കണ്ടെത്തി താമസം നിയമപരമാക്കാനുമുള്ള അവസരമാണ് അധികൃതർ നൽകിവരുന്നത്. യുഎഇ സർക്കാർ ഈ മാസം ആദ്യം പ്രാബല്യത്തിൽ കൊണ്ടുവന്ന പൊതുമാപ്പ് ഒക്ടോബർ 31ന് അവസാനിക്കും.
പൊതുമാപ്പ് ആരംഭിച്ച് പകുതി കാലാവധി പിന്നിടുമ്പോൾ 4,000ലധികം ഇന്ത്യൻ അപേക്ഷകരാണ് ദുബായിലെ സേവന കേന്ദ്രങ്ങളെ സമീപിച്ചത്. ഇതിൽ 500 പേർക്ക് എക്സിറ്റ് പാസുകൾ ലഭിച്ചപ്പോൾ പുതിയ ജോലി ലഭിച്ച 600 പേർക്ക് താത്കാലിക പാസ്പോർട്ട് അനുവദിച്ചു. ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വരും ദിവസങ്ങളിലും ഇന്ത്യൻ അപേക്ഷകരുടെ എണ്ണം കൂടുമെന്നാണ് വിലയിരുത്തൽ. അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലും രാജ്യത്തെങ്ങുമുള്ള 86 ആമർ സെന്ററുകളിലും പ്രവാസികൾക്ക് സേവനത്തിനായി സമീപിക്കാം. ഇന്ത്യൻ പ്രവാസികൾ ബർദുബായിലുള്ള ഇന്ത്യൻ കോൺസുലേറ്റിലെത്തിയാൽ അപേക്ഷ പൂരിപ്പിക്കുന്നതടക്കമുള്ള സേവനം സൗജന്യമായി ലഭിക്കും. പൊതുമാപ്പ് ആവശ്യവുമായി കോൺസുലേറ്റിലെത്തുന്ന ഇന്ത്യക്കാരിൽ നിന്ന് സർക്കാർ ഫീസുകളല്ലാതെ കോൺസുലേറ്റ് മറ്റ് യാതൊരു ഫീസും ഈടാക്കില്ലെന്നും അധികൃതർ അറിയിച്ചു.