അജ്മാനിലെ സർക്കാർ ജീവനക്കാർക്കുള്ള ഔദ്യോഗിക ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ച് മാനവവിഭവശേഷി വകുപ്പ്. എമിറേറ്റിലെ സർക്കാർ ജീവനക്കാർക്ക് റമദാൻ 29 മുതൽ ഹിജ്റ 1444 ഷവ്വാൽ 3 വരെ അവധിയായിരിക്കും. എമിറേറ്റ്‌സിലെ ഭരണാധികാരികൾക്കും ജനങ്ങൾക്കും അറബ്, ഇസ്‌ലാമിക രാഷ്ട്രങ്ങൾക്കും ഹൃദയം നിറഞ്ഞ ആശംസകളെന്നും മാനവവിഭവശേഷി വകുപ്പ് അറിയിച്ചു.
അതായത് ഏപ്രിൽ 20 വ്യാഴാഴ്ചയാണ് ഈദ് അവധി ആരംഭിക്കുക.എമിറേറ്റിലെ സർക്കാർ ഏജൻസികൾക്ക് വകുപ്പ് പുറത്തിറക്കിയ സർക്കുലറിലാണ് ഇത് അറിയിച്ചത്. ഹിജ്‌റി കലണ്ടറിലെ റമദാനിനെ തുടർന്നുള്ള മാസമായ ഷവ്വാൽ ഒന്നാം തീയതിയാണ് ഈദ് അൽ ഫിത്തർ ആഘോഷിക്കുന്നത്.
കഴിഞ്ഞ മാർച്ച് 23 വ്യാഴാഴ്ച യുഎഇയിലെ എമിറേറ്റുകളിൽ വിശുദ്ധ മാസം ആരംഭിച്ചത്. ചന്ദ്രക്കല കാണുന്നതിനെ ആശ്രയിച്ച് ഇസ്ലാമിക മാസങ്ങൾ 29 അല്ലെങ്കിൽ 30 ദിവസങ്ങൾ വരെ നീണ്ടുനിൽക്കും. ഈ വർഷം ചെറിയപെരുന്നാൾ ശനിയാഴ്ച എത്തുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.