കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള യുഎഇയുടെ ശ്രമങ്ങളുടെ ഭാഗമായി 2020 മുതൽ എമിറേറ്റിൽ 44 ദശലക്ഷം കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിച്ചുവെന്ന് പരിസ്ഥിതി ഏജൻസി – അബുദാബി (ഇഎഡി) വ്യക്തമാക്കി. മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ്, ADNOC എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 9,200 ഹെക്ടറിൽ 23 ദശലക്ഷം കണ്ടൽ മരങ്ങളാണ് EAD നട്ടുപിടിപ്പിച്ചത്. ഈ മരങ്ങൾ പ്രതിവർഷം ഏകദേശം 233,000 ടൺ കാർബൺ ഉദ്വമനം സംഭരിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് 25,000-ത്തിലധികം വീടുകളുടെ ഊർജ്ജ ഉപഭോഗത്തിന് തുല്യമാണ്.
അന്തരീക്ഷത്തിലെ കാർബൺഡൈ ഓക്സൈഡിന്റെ അളവ് വ്യവസായവൽക്കരണത്തിന് മുൻപ് 280ppm (പാർട്സ് പെർ മില്യൻ) ആയിരുന്നത് ഇപ്പോൾ 420ppm എന്ന വളരെ ഉയർന്ന അളവിൽ എത്തിച്ചേർന്നിരിക്കുകയാണ്. ഇതിന്റെ പ്രത്യാഘാതമായ ആഗോള താപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും ചെറുക്കാൻ ലോകരാഷ്ട്രങ്ങൾ കഠിന ശ്രമത്തിലാണ്. ഐക്യരാഷ്ട്ര സംഘടനയും മറ്റ് അന്താരാഷ്ട്ര ഏജൻസികളും എല്ലാംതന്നെ ഇപ്പോൾ പ്രകൃതൃദത്തമായ പരിഹാര മാർഗങ്ങളിലേക്കാണ് തിരിഞ്ഞിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച 2015–ലെ പാരിസ് ഉടമ്പടിയും ഇതിനെയാണ് പ്രോൽസാഹിപ്പിക്കുന്നത്. ഈ അവസരത്തിലാണ് കണ്ടൽ കാടുകളുടെ വിലമതിക്കാനാകാത്ത പാരിസ്ഥിതിക സേവനമായ കാർബൺ സ്വീക്വസ്ട്രേഷൻ എന്ന കാൺബൺഡൈ ഓക്സൈഡിന്റെ ദീർഘകാലത്തെ കരുതിവയ്ക്കലിനെ ആഗോള താപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും ചെറുക്കാൻ നാം മുതലാക്കേണ്ടത്.
കണ്ടൽ കാടുകൾക്ക് നമ്മുടെ നിത്യഹരിത വനങ്ങളേക്കാൾ 4–5 ഇരട്ടിയായി അന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡിനെ വലിച്ചെടുത്ത് ദീർഘകാലത്തേക്ക് മണ്ണിൽ കുഴിച്ചുമൂടാൻ കഴിയുമെന്നാണ് ആധുനിക ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.