യുഎഇയിലെ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇത് വരെ 5.73 മില്ല്യണ്‍ ആളുകള്‍ അംഗങ്ങളായതായി മാനവ വിഭവ ശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം.
ഇക്കഴിഞ്ഞ ജനുവരി ഒന്നു മുതലാണ് യുഎഇയില്‍ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതി നിലവില്‍ വന്നത്. ജനുവരി മുതല്‍ ഈ മാസം 25 വരെയുളള കണക്കുകള്‍ പ്രകാരം 5.73 മില്ല്യണ്‍ തൊഴിലാളികളാണ് പദ്ധതിയില്‍ അംഗങ്ങളായത്. ഇതില്‍ 5.8 മില്ല്യണ്‍ ജീവനക്കാര്‍ സ്വകാര്യ മേഖലയില്‍ നിന്നാണ്. 87,000ത്തിലധികമാണ് സര്‍ക്കാര്‍ മേഖലയുടെ സംഭാവന.
അടുത്ത മാസം ഒന്ന് വരെയാണ് പദ്ധതിയില്‍ അംഗമാകാന്‍ അനുവദിച്ചിരിക്കുന്ന സമയ പരിധി. പദ്ധതിയില്‍ ചേരുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് 400 ദിര്‍ഹം പിഴ ഈടാക്കും. നിയമം ലംഘിക്കുന്നവരുടെ വര്‍ക്ക് പെര്‍മിറ്റും പുതുക്കി നല്‍കില്ല. പദ്ധതിയില്‍ അംഗമായ ശേഷം തുടര്‍ച്ചയായി മൂന്ന് മാസം വിഹിതം അടക്കുന്നതില്‍ വീഴ്ച വരുത്തിയാലും അംഗത്വം റദ്ദാക്കപ്പെടും. ഇതിന് പുറമെ 200 ദിര്‍ഹം പിഴയും അടക്കേണ്ടി വരും.