വാഹനങ്ങളും വീടുകളും കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന രണ്ട് പ്രവാസികൾ മസ്കറ്റിൽ അറസ്റ്റിൽ. ഇരുവരും ഏഷ്യൻ വംശജരാണ്. റോയൽ ഒമാൻ പൊലീസാണ് ഇരുവരെയും പിടികൂടിയത്. മസ്കറ്റ് ഗവർണറേറ്റിൽ ബൗഷർ വിലായത്തിലെ വീട്ടിൽ നിന്നും നിരവധി വാഹനങ്ങളിൽ നിന്നും മോഷണം നടത്തിയതിനാണ് പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
പിടിയിലായവരിൽ നിന്നും പണവും മൊബൈൽ ഫോണുകളും ബാങ്ക് എടിഎം കാർഡുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയായി വരുന്നതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ജനങ്ങളുടെ സുരക്ഷയും സ്വത്തും സംരക്ഷിക്കുന്നതിനായി രാജ്യത്ത് ശക്തമായ പരിശോധനകൾ നടത്തിവരുന്നതായും നിയമനടപടികൾ കർശനമാക്കിയതായും അധികൃതർ വ്യക്തമാക്കി.