ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി സൗദിയിൽ രണ്ടുപേർ അറസ്റ്റിൽ. ക്യാപ്സ്യൂൾ രൂപത്തിലാക്കിയ 1.33 കിലോ ഹെറോയിനുമായാണ് രണ്ട് യാത്രക്കാർ പിടിയിലായത്. ജിദ്ദ, റിയാദ് വിമാനത്താവളങ്ങൾ വഴി മയക്കുമരുന്ന് കടത്തുന്നതിനിടയിലാണ് പ്രതികൾ സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുടെ പിടിയിലായത്.
പിടിയിലായവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധികൃതർ എക്സ്റേ പരിശോധനക്ക് വിധേയരാക്കിയപ്പോഴാണ് ശരീരത്തിൽ നിന്ന് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കൺട്രോളുമായി സഹകരിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കി. പ്രതികളേക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.