കുവൈത്തിൽ ബയോമെട്രിക്‌സ് എൻറോൾമെൻ്റ് പൂർത്തിയാക്കാൻ ഇനി രണ്ട് മാസം കൂടി. സ്വദേശികളും പ്രവാസികളും ജൂൺ ഒന്നിന് മുമ്പായി ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തുള്ളവരെല്ലാം ബയോമെട്രിക് ഡാറ്റ പൂർത്തിയാക്കുന്നതോടെ വിവിധ അറബ് രാജ്യങ്ങളുമായും ഇൻ്റർപോൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായും സുരക്ഷാ കണക്റ്റിവിറ്റി വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജൂൺ ഒന്ന് മുതൽ കര-വ്യോമ അതിർത്തികൾ വഴി രാജ്യത്തേയ്ക്ക് പ്രവേശിക്കുന്നവർ ബോർഡറിൽ ബയോമെട്രിക് വിവരങ്ങൾ നൽകണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ബയോമെട്രിക് എൻറോൾമെന്റിന് വിസമ്മതിക്കുന്നവരെ രാജ്യത്തേയ്ക്ക് പ്രവേശിപ്പിക്കില്ലെന്നും തിരികെ അയക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തേയ്ക്ക് വ്യാജ പാസ്പോർട്ടുകൾ ഉപയോഗിച്ച് പ്രവേശിക്കാൻ ശ്രമിക്കുന്നവരെ ബയോമെട്രിക് ഡാറ്റാബേസിലൂടെ കണ്ടെത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ.
രാജ്യത്ത് നിലവിൽ 18 ലക്ഷം പേരാണ് ബയോമെട്രിക്സ് പൂർത്തിയാക്കിയത്. ഇതിൽ 9 ലക്ഷത്തിലധികം പേരും സ്വദേശികളാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജൂൺ മുതൽ ബയോമെട്രിക് പ്രക്രിയ പൂർത്തിയാക്കാത്തവരുടെ ഇടപാടുകൾ ആഭ്യന്തര മന്ത്രാലയം താൽക്കാലികമായി നിർത്തിവയ്ക്കും. ഇതോടെ റെസിഡൻസി പെർമിറ്റ്, വാഹന രജിസ്ട്രേഷൻ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ എല്ലാ സേവനങ്ങളും തടസപ്പെടും.