ഖത്തറിൽ അയക്കൂറ പിടിച്ചാൽ ഇനി പിടിവീഴും. രണ്ട് മാസത്തേയ്ക്കാണ് ഖത്തറിലെ കടലുകളിൽ നിന്നും അയക്കൂറ മത്സ്യം പിടിക്കുന്നത് നിരോധിച്ചിരിക്കുന്നത്. പ്രജനന കാലത്ത് മത്സ്യബന്ധനം നിർത്തിവയ്ക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അയക്കൂറ മത്സ്യബന്ധനത്തിന് നിരോധനമേർപ്പെടുത്തിയത്.
ഓഗസ്‌റ്റ് 15 മുതൽ ഒക്ടോബർ 15 വരെയാണ് നിരോധനം നിലനിൽക്കുന്നത്. ഖത്തർ സമുദ്രത്തിൽ അയക്കൂറ പോലുള്ള മത്സ്യങ്ങളുടെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. നിരോധിത കാലയളവിൽ നിയമം ലംഘിക്കുന്നവരിൽ നിന്നും 5,000 റിയാൽ വരെ പിഴ ഈടാക്കുന്നതോടൊപ്പം മറ്റ് നിയമനടപടികളും നേരിടേണ്ടി വരുമെന്ന് മുൻസിപ്പൽ മന്ത്രാലയം അധികൃതർ വ്യക്തമാക്കി.
അതേസമയം, മത്സ്യത്തൊഴിലാളികൾ നിയമലംഘനത്തിൽ ഏർപ്പെടരുതെന്നും നിയമ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ഉൾപ്പെടെയുള്ളവർ അധികൃതരെ വിവരമറിയിക്കണമെന്നും നിർദേശമുണ്ട്. ഇതിനായി ഉദോഗസ്ഥർ കർശന പരിശോധന നടത്തുമെന്നും മുന്നറിയിപ്പ് നൽകി.